ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹര് ഘര്‍ തിരംഗ കാമ്പയിന് ഈ മാസം ഒന്‍പത് മുതല്‍ 17 വരെ. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സമൂഹ വന്ദേമാതര ആലാപനം, കലാ -സാംസ്കാരിക പരിപാടികള്‍, തിരംഗ റാലികള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ രാജ്യമെങ്ങും നടക്കും. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് തുടക്കം കുറിച്ച കാമ്പയിന് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയായി മാറിയതായി കേന്ദ്രസാംസ്കാരിക – ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്ന് ഇതൊരു ജനകീയ ആഘോഷമായി മാറിയതായി അദ്ദേഹം പറഞ്ഞു. ദേശീയ പതാകയ്ക്കൊപ്പമുള്ള സെല്‍ഫി ഹര്‍ഘര്‍ തിരംഗ പോര്‍ട്ടലില്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ദേശീയഗീതമായ വന്ദേമാതരം പഠിക്കുന്നതിനും അതിന്റെ ഓഡിയോ സഹിതം ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനുമുള്ള സജ്ജീകരണവും ഇത്തവണ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. വന്ദേമാതരത്തിന്റെ 150-ാം വര്‍ഷത്തിന്റെ ഭാഗമായാണിത്. ഫിജി മുതല്‍ സാന്‍ഫ്രാന്‍സിസ്കോ വരെ നീളുന്ന സൂര്യപഥ് തിരംഗ ഇത്തവണത്തെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗസ്ത് പതിനാല് വിഭജന ഭീകരത സ്മരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്ദിരാഗാന്ധി നാഷണല്‍ സെന്ററര്‍ ഫോര്‍ ആര്‍ട്സ് മെമ്പര്‍ സെക്രട്ടറി സച്ചിദാനന്ദ ജോഷി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ന്യൂദല്‍ഹി, കൊല്‍ക്കത്ത, അമൃത്സര്‍ എന്നിവിടങ്ങളിലാകും പ്രധാനപരിപാടികള്‍. സിയാല്‍ദ റെയില്‍വേ സ്റ്റേഷനില്‍ സ്മാരകം നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗമായ എംബസികളും ഹൈക്കമ്മീഷനുകളും സൂര്യപഥ് തിരംഗയുടെ ഭാഗമാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രസാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി സമീര്‍ നന്ദ, പിഐബി എഡിജി എം. അണ്ണാദുരൈ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.















Discussion about this post