പാനിപ്പത്ത് (ഹരിയാന): തപസ്യ, ബാലഗോകുലം എന്നിവയുടെ സ്ഥാപകൻ എം എ സാറിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് സംസ്കാർ ഭാരതി അഖില ഭാരതീയ സാധാരണ സഭയ്ക്ക് തുടക്കം. തപസ്യ മുൻ അദ്ധ്യക്ഷനും സംസ്കാർ ഭാരതി ഉപാധ്യക്ഷനുമായ പി. നാരായണക്കുറുപ്പ്, നടൻ നാനാ പടേക്കർ, ഭാരതിരാജ, ഭാഗ്യരാജ് തുടങ്ങി കലാ സാഹിത്യ രംഗത്തെ പ്രമുഖർക്കും സഭ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ഭാരതീയ കലയും സാഹിത്യവും ആധുനിക സാങ്കേതികവിദ്യകളുടെ കൂടി സഹായത്തോടെ ലോകമെങ്ങും എത്തണമെന്ന് ഉദ്ഘാടനസഭയിൽ മുഖ്യ പ്രഭാഷണം നടത്തിയ സംസ്കാർ ഭാരതി ദേശീയ ഉപാദ്ധ്യക്ഷനും ചലച്ചിത്ര താരവുമായ നിതീഷ് ഭരദ്വാജ് പറഞ്ഞു. രാവണനെ ആഘോഷമാക്കുകയും രാമൻ്റെ ശോഭ കെടുത്തുകയും ചെയ്യുന്ന ആഖ്യാന ങ്ങൾ കൃഷ്ണനെ വില്ലനാക്കിയും കംസനെയും ജരാസന്ധനെയും നായകരാക്കിയും കലകൾ ചമയ്ക്കുന്ന കാലം വിദൂരമല്ല. ആഖ്യാന യുദ്ധം സംസ്കാരത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും നില നില്പിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് തിരിച്ചറിയണം , അദ്ദേഹം പറഞ്ഞു.
ഭാരതേ നവജീവനം എന്നതാണ് സംസ്കാർ ഭാരതി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് സമാജം ഉണരണം. ആമൂലാഗ്രപരിവർത്തനത്തിനുള്ള ആഗ്രഹം സമാജത്തിലാണ് ആദ്യം ഉണരേണ്ടതെന്ന് ശ്രീ ഗുരുജി ഗോൾവൽക്കർ പറഞ്ഞിട്ടുണ്ട്. നമ്മുടെ പുരാണേതിഹാസങ്ങളുടെ ശരിയായ ആഖ്യാനം തനത് കലാരൂപങ്ങളിലൂടെ ഗ്രാമ ഗ്രാമങ്ങളിൽ പ്രചരിപ്പിക്കാൻ കഴിയണം. നകാരാത്മക പ്രചാരണങ്ങളെ സകാരാത്മക സർഗസൃഷ്ടികളിലൂടെ ചെറുക്കാൻ കഴിയുമെന്ന് നിതീഷ് ഭരദ്വാജ് പറഞ്ഞു.
ദാദാ ലക്ഷ്മി ചന്ദ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അമിത് ആര്യ, സംസ്കാർ ഭാരതി ദേശീയ അദ്ധ്യക്ഷൻ മൈസുരു മഞ്ജുനാഥ്, ജനറൽ സെക്രട്ടറി ഡോ. അശ്വിൻ ദാൽവി, ഹരിയാന സംസ്ഥാന അദ്ധ്യക്ഷൻ നീം ചന്ദ് ഗാർഗ്, ആർഎസ്എസ് ഉത്തരക്ഷേത്ര സംഘചാലക് പവൻ ജിൻഡാൽ എന്നിവർ സംസാരിച്ചു.















