തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക മേഖലയെ ദേശീയ ധാരയിലൂടെ വഴി നടത്തിയ മഹാ സംഘാടകനായിരുന്നു എം.എ.കൃഷ്ണനെന്ന് തപസ്യ കലാസാഹിത്യ വേദി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അന്ധമായി രാഷ്ട്രീയവൽക്കരിക്കപ്പെടുകയും, ദേശവിരുദ്ധ ചിന്താഗതി ആഴത്തിൽ വേരോടുകയും ചെയ്ത കേരളത്തിൻ്റെ സാംസ്കാരിക രംഗത്തെ വീണ്ടെടുക്കാൻ തപസ്യയുടെ രൂപീകരണത്തിലൂടെ തുടക്കം കുറിച്ചത് എം.എ.സാറായിരുന്നുവെന്ന് തപസ്യ സംസ്ഥാന അധ്യക്ഷൻ വിജയകൃഷ്ണൻ പറഞ്ഞു.
അധികാര പ്രമത്തതയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൗരാവകാശങ്ങൾ റദ്ദു ചെയ്യുകയും, ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്ത നാളുകളിൽ അതിനെതിരെ പൊരുതാൻ എം.എ.സാർ മുൻകൈയ്യെടുത്താണ് കോഴിക്കോട് തപസ്യക്ക് തുടക്കം കുറിച്ചത്. പിന്നീടുള്ള കാലഘട്ടങ്ങളിൽ കലാസാഹിത്യ മേഖലകളിലെ മഹാരഥന്മാരെ തപസ്യയുമായി സഹകരിപ്പിക്കുന്നതിൽ എം.എ.സാർ വഹിച്ച പങ്ക് ചരിത്രപരമാണെന്ന് വിജയകൃഷ്ണൻ ചൂണ്ടിക്കാട്ടി.
തപസ്യയ്ക്കു പുറമെ ബാലഗോകുലം ഉൾപ്പെടെ നിരവധി സംഘടനകൾ എം.എ.സാറിൻ്റെ നേതൃത്വത്തിൽ രൂപം കൊള്ളുകയും, അവയൊക്കെ വലിയ പ്രസ്ഥാനങ്ങളായി വളർന്നു വരികയും ചെയ്തു. തപസ്യയുടെ അഞ്ച് പതിറ്റാണ്ടു കാലത്തെ യാത്രയുടെ ഓരോ ഘട്ടത്തിലും എം.എ.സാറിൻ്റെ മാർഗദർശനം ലഭിച്ചു. വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറാൻ ഈ മാർഗദർശനം കരുത്ത് പകർന്നു. എം.എ.സാറിൻ്റെ വേർപാടിലൂടെ തപസ്യയ്ക്ക് സംഭവിച്ചിരിക്കുന്നത് തീരാ നഷ്ടമാണ്. ഈ മഹാതപസ്വിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായി വിജയകൃഷ്ണൻ പറഞ്ഞു.













