കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരകനും ബാലഗോകുലം, തപസ്യ കലാസാഹിത്യവേദി എന്നിവയുടെ സ്ഥാപക വഴികാട്ടിയുമായ എം. എ സാറിന്റെ നിര്യാണത്തിൽ രാജ്യസഭാ എം.പിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി. ടി. ഉഷ അനുശോചനം രേഖപ്പെടുത്തി.
മലയാള ബാല്യങ്ങൾക്ക് ശ്രീകൃഷ്ണനെ ഉണ്ണിക്കണ്ണന്റെ സ്നേഹരൂപത്തിൽ പരിചയപ്പെടുത്തുകയും, സമൂഹത്തിന്റെ സാംസ്കാരികവും മൂല്യാധിഷ്ഠിതവുമായ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത മഹത്തായ വ്യക്തിത്വമായിരുന്നു എം. എ. സാറെന്ന് അവർ അനുസ്മരിച്ചു.
ബാലസംസ്കാരത്തിനും സാഹിത്യത്തിനും കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. അർപ്പണബോധത്തോടെയും നിസ്വാർത്ഥമായ സേവന മനോഭാവത്തോടെയും അദ്ദേഹം നയിച്ച സാംസ്കാരിക മുന്നേറ്റങ്ങൾ അനേകം തലമുറകൾക്ക് പ്രചോദനമാണെന്നും ഡോ. പി. ടി. ഉഷ കൂട്ടിച്ചേർത്തു.
എം. എ. സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അവർ അറിയിച്ചു.












