കണ്ണൂർ: ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതി മാടായിപ്പാറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയതിന്റെ അടിസ്ഥാനത്തിൽ, മാടായിപ്പാറയെ നേരിട്ട് പഠിക്കാനും മനസ്സിലാക്കാനും കണ്ണൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ മാടായിപ്പാറയിലേക്ക് പഠനയാത്ര നടത്തി.
കണ്ണൂർ ജില്ലാ സമിതിയിൽ നേരത്തെ ഉയർന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ഇന്നലെ വൈകുന്നേരം മുൻകൂട്ടി തീരുമാനിച്ച പ്രകാരം ജില്ലയിലെ 24 പ്രധാന കാര്യകർത്താക്കൾ പങ്കെടുത്താണ് യാത്ര സംഘടിപ്പിച്ചത്.

950 ഏക്കറിൽ പരന്നു കിടക്കുന്ന മാടായിപ്പാറയിൽ ഇന്ന് ദേവസ്വത്തിന്റെ കൈവശം 300 ഏക്കർ മാത്രമേയുള്ളൂ. ബാക്കി ഭൂമി വ്യാപകമായി കൈയേറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
പരിസ്ഥിതി സംരക്ഷിത പ്രദേശമായ മാടായിപ്പാറ ടൂറിസത്തിന്റെ പേരിൽ നശിപ്പിക്കപ്പെടുകയാണ്. അപൂർവ്വ സസ്യവൈവിധ്യങ്ങളാലും നിരവധി പൂമ്പാറ്റകളും പക്ഷികളും വസിക്കുന്ന ഈ ആവാസവ്യവസ്ഥ ഗുരുതരമായ ഭീഷണി നേരിടുന്നു.

കൈയേറിയ സ്ഥലങ്ങൾ തിരിച്ചുപിടിക്കാനോ, നിലവിലുള്ള ഭൂമി സംരക്ഷിക്കാനോ ദേവസ്വം ബോർഡോ സർക്കാരോ താൽപര്യം കാണിക്കുന്നില്ല എന്നതാണ് വേദനാജനകമായ സത്യം. ഹിന്ദുവിന്റെ ഭൂമി സംരക്ഷിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം ഹിന്ദു സമൂഹത്തിന്റെ അസംഘടിതാവസ്ഥ തന്നെയാണ്.
മാടായിപ്പാറയിൽ സംഘടിപ്പിച്ച സംരക്ഷണ സദസ്സിൽ 50 വർഷമായി മാടായിപ്പാറ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കെ.പി. ചന്ദ്രാംഗദൻ ചേട്ടൻ മാടായിപ്പാറയ്ക്കായി നടത്തിയ പ്രവർത്തനങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും വിശദീകരിച്ചു. മാടായിപ്പാറയുടെ ചരിത്രവും ഐതിഹ്യവും അഡ്വ. വിനോദ് കുമാർ അവതരിപ്പിച്ചു.















