ചേര്‍ത്തല: പ്രശസ്തമായ നാഗക്ഷേത്രമുള്ള നാഗര്‍കുളങ്ങര ഹിന്ദുഭൂരിപക്ഷപ്രദേശമാണ്. അവിടെ പത്തോ പന്ത്രണ്ടോ മുസ്ലിം കുടുംബങ്ങളേയുള്ളു. കഴിഞ്ഞ 42 വര്‍ഷമായി അവിടെ ആര്‍.എസ്.എസ്സിന്റെ ശാഖപ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ സാമുദായികമോ മതപരമോ ആയ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിങ്ങളും സൗഹാര്‍ദ്ദപൂര്‍വ്വമാണ് ജീവിച്ചിരുന്നത്. ഇതിനു മാറ്റം വന്നത് കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷം കൊണ്ടാണ്. അബ്ദുള്‍ ഖാദര്‍ എന്ന ഉസ്താദും അദ്ദേഹത്തിന്റെ മക്കളും എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തകരാകുകയും പുറത്തുനിന്നുള്ള മുസ്ലീംതീവ്രവാദികള്‍ സ്ഥിരമായി ഇവിടെ എത്തി താവളമടിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുന്ന പ്രസംഗങ്ങളും പ്രകടനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും അവരില്‍ നിന്നുണ്ടായി. ഒരു ഷോപ്പിങ്ങ് കോംപ്ലക്‌സ് ആരംഭിക്കുകയും അതിന്റെ മുകള്‍ വശത്തെ മുറി അനധികൃത പള്ളിയാക്കി മാറ്റുകയും ചെയ്തു. ഈ സലഫി മസ്ജിദ് തീവ്രവാദ വിഭാഗങ്ങളുടെ പ്രവര്‍ത്തന കേന്ദ്രവും ആയുധ പരിശീലനകേന്ദ്രവുമായി മാറി എന്ന് നാട്ടുകാര്‍ പറയുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ വധിച്ച കേസ്സിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചത് ഇവിടുത്തെ എസ്ഡി.പി.ഐക്കാരാണ്. അക്കൂട്ടത്തിലൊരാളായ അഷ്‌കര്‍ ആണ് നന്ദുവധക്കേസ്സില്‍ പോലീസ് അറസ്റ്റു ചെയ്തത്. കാവി പതാക കത്തിച്ച് അതു മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച റഫീഖ് അക്കൂട്ടത്തിലൊരാളാണ്.
നാഗര്‍കുളങ്ങരയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നതാണ് ഇക്കൂട്ടരിലെ ലക്ഷ്യം. ഇയ്യിടെ അവര്‍ ആര്‍.എസ്.എസ്. മണ്ഡലം ബൗദ്ധിക് പ്രമുഖ് പ്രസാദിന്റെ വീട്ടില്‍ കയറി വെല്ലുവിളി നടത്തുകയുണ്ടായി. പരാതിയെ തുടര്‍ന്നു പോലീസ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ശാസിച്ചുവിടുകയും കേസ് ലഘൂകരിച്ച് കാണുകയും ചെയ്തു. വടുതല, അരൂക്കുറ്റി, ചന്ദ്രൂ, ചേര്‍ത്തല നെടുമ്പക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ഇവിടെ വന്നു കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്.
യോഗി ആദിത്യനാഥിനെതിരെ എസ്.ഡി.പി.ഐ. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി വളരെ പ്രകോപനപരമായ പ്രകടനം മലപ്പുറം ജില്ലയില്‍ നടന്നത് വിവാദമായതാണ്. അതിലുള്ള രീതിയില്‍ ഹിന്ദുവംശഹത്യയുടെ ടാബ്ലോകള്‍ ഇല്ലെങ്കിലും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ കഴിഞ്ഞ ദിവസത്തെ പ്രകടനത്തില്‍ നാഗര്‍കുളങ്ങരയില്‍ മുഴക്കിയിരുന്നു. പ്രകടനത്തിലുളളവരില്‍ ഭൂരിപക്ഷവും പുറത്തുനിന്നുള്ളവരായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയശേഷം പുറത്തുനിന്നും കാറിലും ബൈക്കിലുമായി എസ്.ഡി.പി.ഐക്കാര്‍ അവിടെ എത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പ്രസാദിന്റെ വീട്ടില്‍ കയറിയും അവര്‍ അക്രമം കാട്ടി. വിവരമറിഞ്ഞ് സ്ഥലത്തെ ശാഖയിലെ സ്വയംസേവകര്‍ എത്തി. അവര്‍ തിരിച്ചുപോകുമ്പോള്‍ ജങ്ഷനില്‍ വെച്ച് എസ്.ഡി.പി.ഐക്കാര്‍ കയ്യേറ്റത്തിനു ശ്രമിച്ചു. കല്ലെറിയുകയും ചെയ്തു.
വാഗ്‌വാദത്തിനിടയില്‍ മസ്ജിദിനു താഴെ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളെടുത്ത് സമീപത്തുണ്ടായിരുന്ന നന്ദുവിനെ അവര്‍ വെട്ടുകയായിരുന്നു, തലയ്ക്കാണ് വെട്ടുകിട്ടിയത്. നന്ദുവിന്റെ തലയ്ക്ക് വെട്ടിയപ്പോള്‍ കൈകൊണ്ടു തടഞ്ഞതുകൊണ്ട് കൈ അറ്റുപോയി. അക്രമികളില്‍ നിന്നും സ്വയംസേവകര്‍ ആയുധം പിടിച്ചെടുത്തുവെങ്കിലും അവര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഈ സമയം സംഘപ്രവര്‍ത്തകരെ തടഞ്ഞുനിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്. ഫലത്തില്‍ പോലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയും രക്ഷപ്പെടാന്‍ വഴിയൊരുക്കുകയുമായിരുന്നു.
ഇടതു സർക്കാരിന്റെ സഹായത്തോടെ കേരളത്തിൽ ഇസ്‌ലാമിക തീവ്രവാദികൾ ജിഹാദ് നടപ്പാക്കുന്നു എന്ന ആരോപണത്തെ ശരി വയ്ക്കുന്നതാണ് ചേർത്തലയിൽ നടന്ന സംഭവം. ഹിന്ദുഭൂരിപക്ഷപ്രദേശത്തുപോലും ഹിന്ദുവിനെ സമാധാനപരമായി ജീവിക്കാന്‍ സമ്മതിക്കില്ല എന്ന മുസ്ലിം ഭീകരസംഘടനകളുടെ നീക്കത്തെ വളരെ ഗൗരവമായി കണ്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവത്തതാണ് ഈ നിരപരാധിയുടെ മരണത്തില്‍ സംഗതി കൊണ്ടെത്തിച്ചത്.
Discussion about this post