ബെംഗളൂരു: ലോക്ഡൗണ്‍ സമയത്ത് സേവാഭാരതിയിലൂടെ സ്വയംസേവകര്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതായി ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് മന്മോഹന് വൈദ്യ. ബെംഗളൂരു ജനസേവാ വിദ്യാകേന്ദ്രയില്‍ അഖില ഭാരതീയ പ്രതിനിധിസഭയ്ക്ക് തുടക്കം കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
5,70,000 ആര്‍എസ്എസ് കാര്യകര്‍ത്താക്കള്‍ രാജ്യത്തെ 92,656 സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു. 73 ലക്ഷത്തോളം പേര്‍ക്ക് റേഷന്‍ വിതരണം ചെയതു. 4.5 കോടി ആളുകള്‍ക്ക് ഭക്ഷ്യ പാക്കറ്റുകള്‍ നല്കി. 90 ലക്ഷം മാസ്കുകള്‍ വിതരണം ചെയ്തു. 60,000 യൂണിറ്റ് രക്തം ദാനം ചെയ്തു. 20 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ക്കും രണ്ടര ലക്ഷത്തോളം നാടോടികള്‍ക്കും സഹായം എത്തിച്ചു. ഇതു കൂടാതെ രാജ്യമെമ്പാടും നിരവധി വിഭാഗങ്ങള്‍ക്ക് ആര്‍എസ്എസ് സഹായം എത്തിച്ചു. കൊവിഡും രാമക്ഷേത്ര നിര്‍മാണവും ഭാരതീയ സമൂഹത്തിന്റെ ഊര്‍ജസ്വലതയും സാംസ്കാരിക ഐക്യവും പ്രകടമാക്കി.
കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും ആദ്യദിവസം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി. വൈറസ് ബാധിക്കാമെന്ന് അറിഞ്ഞിട്ടും സ്വയംസേവകര്‍ കൊവിഡ് സമയത്ത് രാജ്യമെമ്പാടും സേവനമനുഷ്ഠിച്ചു. പലര്‍ക്കും ജീവന് നഷ്ടപ്പെട്ടു. സര്‍ക്കാരിനും ഭരണകൂടത്തിനും ഒപ്പം സ്ഥിതി ലഘൂകരിക്കുന്നതില്‍ സമൂഹം തുല്യമായി ഇടപെട്ട ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് സാഹചര്യത്തില്‍ ക്രിയാത്മകമായി പ്രതികരിച്ച സമൂഹത്തിനെയും മറ്റു രാജ്യങ്ങള്‍ക്ക് വാക്സിന് നല്കി സഹായിച്ച കേന്ദ്രസര്‍ക്കാരിനെയും അഭിനന്ദിച്ചും, രാമക്ഷേത്ര നിര്‍മാണ സമയത്ത് രാജ്യം പ്രകടിപ്പിച്ച ഐക്യത്തെ കുറിച്ചുമുള്ള രണ്ടു പ്രമേയങ്ങള്‍ പ്രതിനിധി സഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍, സഹ പ്രചാര്‍ പ്രമുഖ് നരേന്ദ്ര താക്കൂര്‍, സുനില്‍ അംബേദ്ക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Discussion about this post