ന്യൂദല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ എല്ലാവരും സജ്ജമായിരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഐക്യത്തോടെയും ഒറ്റക്കെട്ടായും ഈ പരീക്ഷണ ഘട്ടത്തില്‍ രാജ്യം മുന്നോട്ട് പോകണം. എല്ലാവരും സ്വയം തയ്യാറെടുപ്പുകള്‍ നടത്തണം. ഈ പോരാട്ടത്തില്‍ വിജയം നമുക്കൊപ്പമാമെന്നും എല്ലാത്തിനേയും നല്ല രീതിയില്‍ സമീപിക്കേണ്ട സമയമാണിതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ദല്‍ഹിയിലെ കൊവിഡ് റെസ്‌പോണ്‍സ് ടീം സംഘടിപ്പിച്ച അഞ്ചു ദിവസം നീണ്ടുനിന്ന പ്രഭാഷണ പരമ്പരയുടെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
നമുക്കുണ്ടായ വിഷമതകള്‍ ആശ്വാസ വാക്കുകള്‍ കൊണ്ട് മറികടക്കാവുന്നതല്ല. എന്നാല്‍ ഈ പോരാട്ടത്തില്‍ നമുക്ക് തളരാനോ പരാജയപ്പെടാനോ സാധിക്കില്ല. നാം മുന്നോട്ട് തന്നെ പോകും. പോസിറ്റീവായ കാഴ്ചപ്പാടുകളോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. വിജയമെന്നത് ആത്യന്തികമല്ല എന്നതു പോലെ തന്നെയാണ് പരാജയമെന്നത് അവസാനവുമില്ല. മുന്നോട്ട് പോകാനുള്ള ധൈര്യം മാത്രമാണ് നമുക്കാവശ്യം. മഹാവ്യാധിക്കാലത്ത് ഒറ്റക്കെട്ടായി നിന്ന് നമുക്ക് വിജയത്തിലേക്ക് മുന്നേറാം.
രണ്ടാം തരംഗം സംബന്ധിച്ച് ഒരുതരം അലംഭാവം പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും സംഭവിച്ചിട്ടുണ്ട്. ഒന്നാം തരംഗം നിയന്ത്രണ വിധേയമായ ശേഷം പൊതുവായി സംഭവിച്ച അലംഭാവമാണ് വിനയായത്. ഡോക്ടര്‍മാരുടേയും ആരോഗ്യ വിദഗ്ധരുടേയും ഉപദേശങ്ങള്‍ അവഗണിച്ചു. മാനവരാശിക്ക് തന്നെ വലിയ വെല്ലുവിളിയായി മാറിയ കൊവിഡ് മഹാവ്യാധിയെ നേരിടുന്നതില്‍ ഇന്ത്യ മികച്ച മാതൃകയായി നിലനില്‍ക്കേണ്ടതുണ്ട്. ആരുടേയും ഭാഗത്തുനിന്ന് വിവേക രഹിതമായ പ്രസ്താവനകള്‍ ഉണ്ടാവാതിരിക്കണം. കോട്ടങ്ങളും നേട്ടങ്ങളും വിലയിരുത്തിക്കൊണ്ട് വേണം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍, സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.
അഞ്ചു ദിവസമായി തുടര്‍ന്ന പ്രഭാഷണ പരമ്പരയില്‍ സംന്യാസി ശ്രേഷ്ഠര്‍, വ്യാവസായിക പ്രമുഖര്‍, ആരോഗ്യ വിദഗ്ധര്‍, ചിന്തകര്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു മാര്‍ഗ്ഗനിര്‍ദേശം നല്‍കി. സമൂഹം വിഷമകരമായ പരിതസ്ഥികളിലൂടെ കടന്നുപോകുമ്പോള്‍ പോസിറ്റീവായ ചിന്തകള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Discussion about this post