കോഴിക്കോട്: മഹാകവി വള്ളത്തോള്‍ പിറന്ന തിരൂര്‍ മംഗലം പുല്ലൂണിയിലെ തറവാട് സംരക്ഷിക്കണമെന്ന് തപസ്യ കലാസാഹിത്യവേദി. മഹാകവിയുടെ സ്മരണകള്‍ മലയാളത്തിന്റെയാകെ അഭിമാനമാണ്. അത് കയ്യടക്കി നശിപ്പിക്കാനുള്ള രാഷ്ട്രീയശക്തികളുടെ നീക്കം അപലപനീയമാണെന്ന് തപസ്യ കലാസാഹിത്യവേദ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.ജി. ഹരിദാസ് പറഞ്ഞു.
ദേശസ്നേഹവും ഗാന്ധിജിയുടെ ആദര്‍ശങ്ങളും ജീവിതത്തില്‍ പുലര്‍ത്തിയ മഹാകവി വള്ളത്തോളിന്റെ ആശയങ്ങള്‍ വരുംതലമുറയ്ക്ക് പകരും വിധം ആ സ്മൃതികേന്ദ്രം പരിപാലിക്കപ്പെടണം. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് പുല്ലൂണിയിലെ വള്ളത്തോള്‍ തറവാട് ദേശീയശ്രദ്ധയാകര്‍ഷിക്കും വിധം നവീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയുധക്കളരിയും അക്ഷരക്കളരിയും പൊളിച്ചുമാറ്റി എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കേരളത്തിന്‍റെ സാംസ്‌കാരികാഭിമാനങ്ങള്‍ സംരക്ഷിക്കാനുള്ള പരിശ്രമത്തില്‍ പൊതുസമൂഹവും പങ്കാളികളാകണം. കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്ന് പാടി എക്കാലത്തെയും തലമുറകളെ പ്രേരിപ്പിച്ച മഹാകവിയുടെ ജന്മഗൃഹമാണ് അപമാനിക്കപ്പെടുന്നതെന്നത് കേരളീയ സാംസ്‌കാരിക സമൂഹം ഗൗരവത്തോടെ കാണണമെന്ന് പ്രൊഫ. ഹരിദാസ് പറഞ്ഞു.
Discussion about this post