ഇറ്റാനഗര്‍: അരുണാചല്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ സംയോജിത പ്രതിരോധകേന്ദ്രങ്ങളുമായി സൈന്യം. ചൈനീസ് അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സമ്പൂര്‍ണ്ണ ആശയവിനിമയം, നിരീക്ഷണം, ലോജിസ്റ്റിക് സംവിധാനം എന്നിവ ലക്ഷ്യമിട്ടാണ് പ്രതിരോധകേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്. യുദ്ധസാഹചര്യങ്ങളില്‍ എല്ലാത്തരത്തിലുള്ള സംയോജനവും അതിവേഗം സാധ്യമാക്കുകയാണ് ഉന്നം.
നിമിഷങ്ങള്‍ക്കകം ആയുധങ്ങള്‍ സമാഹരിക്കുകയും അത് സൈനികര്‍ക്ക് കൈമാറുകയും ചെയ്യാന്‍ ഈ പ്രതിരോധ സംവിധാനം ഉപകരിക്കും. പൊടുന്നനെയുള്ള കടന്നുകയറ്റത്തെ ഫലപ്രദമായി ചെറുക്കാനും ഇത് സഹായിക്കും.
നവീകരിച്ച വിന്റേജ് എല്‍ -70 വ്യോമ പ്രതിരോധ തോക്കുകള്‍, ബോഫോറുകള്‍, എം 777 ഹോവിറ്റ്‌സര്‍ എന്നിവ ഇവിടെ വിന്യസിച്ചിട്ടുണ്ട്. നവീകരിച്ച വിന്റേജ് എല്‍ -70 എയര്‍ ഡിഫന്‍സ് തോക്കുകള്‍ക്ക് ഉയര്‍ന്ന റെസല്യൂഷന്‍ ഇലക്ട്രോ ഒപ്റ്റിക്കല്‍ സെന്‍സറുകള്‍ ഉപയോഗിച്ച് എല്ലാ കാലാവസ്ഥയിലും ലക്ഷ്യം കാണാനാകും. ഡ്രോണുകള്‍ക്കെതിരെ ഇത് ഫലപ്രദമാണെന്ന് ക്യാപ്റ്റന്‍ സരിയ അബ്ബാസി പറഞ്ഞു:
ബിഇഎല്‍ 200, എല്‍ 70 തോക്കുകള്‍ നവീകരിക്കുന്നതിന് 575 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തരത്തില്‍ 1,180 തോക്കുകള്‍ മേഖലയില്‍ ഉപയോഗക്ഷമമാക്കിയിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ സരിയ പറഞ്ഞു.
Discussion about this post