തൃശ്ശൂര്‍: ശബരിമല വ്രതം നോല്‍ക്കുന്നതിന്റെ ഭാഗമായി ദീക്ഷ വളര്‍ത്തിയതിന് സേനാംഗത്തിന്റെ സ്‌പെഷല്‍ അലവന്‍സ് റദ്ദാക്കി അഗ്‌നിരക്ഷാ സേന. ദിവസ വേതനത്തിലെ 600 രൂപയാണ് റദ്ദ് ചെയ്തത്. 170 രൂപ മാത്രമാണ് ബാക്കി ലഭിക്കുക. ഷൊര്‍ണൂര്‍ അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാരനായ ആര്‍. ദിലീപിൻ്റെ അലവൻസാണ് റദ്ദാക്കിയത്.
കഴിഞ്ഞ മാസം 16നാണ് ദിലീപ് ദീക്ഷ വളര്‍ത്തുന്നതിന് അപേക്ഷ നല്‍കിയത്. ഈ അപേക്ഷയിലാണ് ദീക്ഷ വളര്‍ത്തുന്നതിന് അനുമതി നല്‍കിയതിനൊപ്പം ദീക്ഷ വളര്‍ത്തുന്ന കാലയളവില്‍ ദിലീപിന്റെ സ്മാര്‍ട്ട് അലവന്‍സ് ഉള്‍പ്പെടെ സ്‌പെഷല്‍ അലവന്‍സ് റദ്ദ് ചെയ്യുമെന്നും ഡ്യൂട്ടി ചെയ്യുന്ന ദിവസങ്ങളില്‍ ഈ ഉത്തരവ് കൈവശമുണ്ടാകണമെന്നും നിര്‍ദേശിച്ച് ജില്ലാ ഫയര്‍ ഓഫീസര്‍ ഉത്തരവ് നല്‍കിയത്.
ഈ മാസം ഒന്ന് മുതല്‍ 31 വരെയുള്ള ദിലീപിന്റെ ഒരുമാസത്തെ അലവന്‍സാണ് പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ റദ്ദ് ചെയ്ത് ഉത്തരവിട്ടത്. ദീക്ഷ വളര്‍ത്താന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളില്‍ എഴുതി കൊടുത്ത് ശബരിമല വ്രതം കാലാകാലങ്ങളായി അനുഷ്ഠിക്കാറുണ്ട്. ഇതിന്റെ പേരില്‍ ശമ്പളത്തില്‍ നിന്നും അലവന്‍സുകള്‍ വെട്ടി കുറക്കാറില്ല.
ഓരോ തസ്തികയിലുള്ളവര്‍ക്കും വ്യത്യസ്ത നിരക്കിലാണ് അലവന്‍സ് അനുവദിക്കുന്നത്. ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ക്ക് പ്രതിമാസം 750 രൂപയാണ്. ഡ്രൈവര്‍ മെക്കാനിക്ക് മുതല്‍ ഫയര്‍മാന്‍ വരെയുള്ളവര്‍ക്ക് 600 രൂപയും സ്റ്റേഷന്‍ ഓഫീസര്‍ക്കും അസി.സ്റ്റേഷന്‍ ഓഫീസര്‍ക്കും 500 രൂപ വീതവും റീജ്യണല്‍ ഫയര്‍ ഓഫീസര്‍ക്ക് 180 രൂപയുമാണ് അലവന്‍സ്. ശമ്പളം വെട്ടി കുറച്ചതിനെതിരെ സേനക്കുള്ളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Discussion about this post