ന്യൂദല്‍ഹി: കശ്മീര്‍ ഭീകരര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഹ്യുണ്ടായ് പാകിസ്ഥാന്റെ പ്രചരണത്തിനെതിരെ വ്യാപക പ്രതിഷേധം. ഹ്യുണ്ടായിയെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇന്ത്യ തങ്ങള്‍ക്ക് രണ്ടാം വീടാണെന്ന വ്യാഖ്യാനവുമായി ഹ്യുണ്ടായ് ഇന്ത്യ രംഗത്തെത്തി. എന്നാല്‍ പാകിസ്ഥാന് വേണ്ടി കശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ സ്വാതന്ത്ര്യപോരാളികള്‍ എന്ന് വിളിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കമ്പനിയോട് വിട്ടുവീഴ്ചയില്ലെന്ന സമീപനത്തിലാണ് പ്രതിഷേധം കനക്കുന്നത്. പ്രതിസന്ധിയും പ്രതിഷേധവും മറികടക്കാന്‍ അര്‍ധമനസ്സോടെയുള്ള പ്രസ്താവനയാണ് ദക്ഷിണ കൊറിയന്‍ കമ്പനി നടത്തിയതെന്നാണ് വിമര്‍ശനമുയരുന്നത്.
പാകിസ്ഥാനില്‍ കശ്മീര്‍ ഐര്യദാര്‍ഢ്യ ദിനമായ ഫെബ്രുവരി 5 നാണ് ഹ്യുണ്ടായ് ഔദ്യോഗിക എഫ്ബി പേജിലൂടെ വിവാദ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ ബോയ്‌ക്കോട്ട് ഹ്യുണ്ടായ് എന്ന ഹാഷ് ടാഗ് സാമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഹ്യുണ്ടായ്‌ക്കെതിരെ പോസ്റ്റുകള്‍ പലരെയും തുടക്കത്തില്‍ ബ്ലോക്ക് ചെയ്ത കമ്പനി പിന്നീട് പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി രംഗത്തുവരികയായിരുന്നു.
തങ്ങള്‍ ഇന്ത്യന്‍ ദേശീയതയെ ബഹുമാനിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ഹ്യുണ്ടായ് ഇന്ത്യന്‍ മോട്ടോര്‍ ലിമിറ്റഡ് (എച്ച്‌ഐഎംഎല്‍) ഖേദം പ്രകടിപ്പിച്ചു. 25 വര്‍ഷത്തിലേറെയായി ഇന്ത്യന്‍വിപണിയോട് പ്രതിബദ്ധരാണ് തങ്ങളെന്ന് കമ്പനി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. കശ്മീരില്‍ ഭീകരര്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.ജെ.എസ് ധില്ലന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ കമ്പനിയുടെ ഇന്ത്യാവിരുദ്ധതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇന്ത്യക്ക് ധീരസൈനികരുടെ ബലിദാനത്തിന്റെ മൂല്യം മറ്റെന്തിനേക്കാളും വലുതാണെന്ന് ധില്ലന്‍ ബോയ്‌കോട്ട് ഹ്യുണ്ടായ് എന്ന ഹാഷ് ടാഗോടെ ട്വീറ്റ് ചെയ്തു. കശ്മീര്‍ ഭാരതത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണെന്ന് മേജര്‍ സുരേന്ദ്ര പൂനിയ കുറിച്ചു. ഹ്യുണ്ടായ് കശ്മീര്‍ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ 140 കോടി ദേശഭക്തരുടെ പ്രതിഷേധം അവരറിയുമെന്ന് അദ്ദേഹം കുറിച്ചു.
Discussion about this post