ന്യൂദല്‍ഹി: രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് 9 ന് പരിഗണിക്കും. ഇത്രയും സുപ്രധാനമായ വിഷയത്തില്‍ തീര്‍പ്പ് കല്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നത് ഉത്കണ്ഠയുണ്ടാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ മുമ്പാകെ നടത്തിയ സുബ്രഹ്മണ്യന്‍ സ്വാമി വാദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്വാമി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏപ്രിലില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ മുമ്പിലും ഇതേ കേസ് എത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിരമിക്കാനിരുന്ന ജസ്റ്റിസ് ബോബ്ഡെ, കേസ് സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനായി ജസ്റ്റിസ് രമണയ്ക്ക് കൈമാറുകയായിരുന്നു. 2020 ജനുവരി 23 ന്,ഹര്‍ജി പരിഗണിക്കാമെന്നും കോടതി പറഞ്ഞിരുന്നു.
ഒന്നാംയുപിഎ സര്‍ക്കാര്‍ ആരംഭിച്ച വിവാദമായ സേതുസമുദ്രം ഷിപ്പ് ചാനല്‍ പദ്ധതിക്കെതിരായ പൊതുതാത്പര്യ ഹര്‍ജിയിലാണ് രാമസേതുവിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചിരുന്നു. വിഷയം സുപ്രീം കോടതിയില്‍ എത്തി, 2007-ല്‍ സേതുസമുദ്രംപദ്ധതി സ്റ്റേ ചെയ്തു. രാമസേതുവിന് കേടുപാടുകള്‍ വരുത്താതെ ഷിപ്പിങ് ചാനല്‍ പദ്ധതിക്ക് മറ്റൊരു വഴി കണ്ടെത്താമെന്നും കേന്ദ്രം പിന്നീട് കോടതിയെ അറിയിച്ചിരുന്നു.
Discussion about this post