കട്ടക്ക്(ഒഡീഷ): ഒറീസ്സ സര്‍ക്കാര്‍ നടപ്പാക്കുന്ന പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ പൈതൃക ഇടനാഴി പദ്ധതി ആവശ്യമായ അനുമതിയില്ലാതെയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ഒറീസ്സ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പുരാതന സ്മാരകങ്ങളുടെയും പുരാവസ്തു കേന്ദ്രങ്ങളുടെയും സമീപത്തെ നിര്‍മ്മാണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പുരിയില്‍ പാലിച്ചിട്ടില്ല. ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള 100 മീറ്റര്‍ പ്രദേശത്ത് ഒരു തരത്തിലുള്ള ഖനനത്തിനോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എഎസ്‌ഐ വ്യക്തമാക്കി. അതേസമയം നിര്‍മ്മാണത്തിന് കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവോ ആവശ്യപ്പെടാന്‍ എഎസ്‌ഐ തയ്യാറായിട്ടില്ല. ഭാരമേറിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ആഴത്തിലുള്ള കുഴികള്‍ ജഗന്നാഥക്ഷേത്രത്തിന് എന്തെങ്കിലും ഭീഷണികള്‍ സൃഷ്ടിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും സത്യവാങ്മൂലം നിശബ്ദമാണ്.
ഖനനം പത്ത് നൂറ്റാണ്ടിലേറെ പഴക്കമുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതിന് എല്ലാ സാധ്യതയുമുണ്ടെന്ന് എഎസ്ഐ ഹൈക്കോടതിയെ അറിയിച്ചു. മന്ദിര്‍ ഹെറിറ്റേജ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിന്‍റെ നിരോധിത പ്രദേശത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതി എഎസ്ഐയോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
പദ്ധതി നടപ്പാക്കുന്നതിനുള്ള നിയുക്ത ഏജന്‍സിയായ ഒബിസിസി, ഖനനത്തിലോ മണ്ണ് നീക്കം ചെയ്യുമ്പോഴോ പൈതൃക സ്ഥലത്തിന്റെ പുരാവസ്തു അവശിഷ്ടങ്ങള്‍ നശിപ്പിച്ചിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. വെട്ടിയെടുത്ത് നോക്കിയാല്‍ പലയിടത്തും ഏകദേശം 15 മുതല്‍ 20 അടി വരെ സ്ട്രാറ്റിഫൈഡ് ഡിപ്പോസിറ്റ് നീക്കം ചെയ്തതായി വ്യക്തമാണ്, ഖനനത്തില്‍ നിന്നുള്ള കണ്ടെത്തലുകളെക്കുറിച്ചും ഒബിസിസി ഉദ്യോഗസ്ഥര്‍ക്ക് ഒരു പിടിയുമില്ല, എഎസ്‌ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
പ്രോജക്ട് റിപ്പോര്‍ട്ടിലെ (ഡിപിആര്‍) ഘടനാപരമായ രൂപകല്പനകള്‍ ദേശീയ സ്മാരക അതോറിറ്റിക്ക് (എന്‍എംഎ) സമര്‍പ്പിച്ചതില്‍ നിന്ന് വ്യത്യസ്തമാണെന്നും എഎസ്‌ഐ പ്രസ്താവിച്ചു.
2021 സപ്തംബര്‍ നാലിനാണ് എന്‍എംഎ എന്‍ഒസി അനുവദിച്ചതെന്ന് ഒഡീഷ സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ അശോക് കുമാര്‍ പരിജ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എസ്. മുരളീധര്‍, ജസ്റ്റിസ് ആര്‍.കെ. പട്നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജൂണ്‍ 20നോ അതിനുമുമ്പോ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കി. കേസ് വീണ്ടും ജൂണ്‍ 22ന് പരിഗണിക്കും.
Discussion about this post