തിരുവനന്തപുരം: കളിയാക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്‌ഐ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തകര്‍ കേരളത്തിലേക്ക് കടന്നതായി തമിഴ്‌നാട് ക്യു ബ്രാഞ്ച് സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ ഷമിം, തൗഫിഖ് എന്നിവരാണു ബുധനാഴ്ച രാത്രി പത്തുമണിയോടെ എഎസ്‌ഐ വില്‍സണെ വെടിവച്ചത്. ഹിന്ദുമുന്നണി തിരുവളളൂര്‍ ജില്ല പ്രസിഡന്റ് സുരേഷ്‌കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് ഷമീം. തൗഫിഖ് കന്യാകുമാരി ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും. കഴിഞ്ഞ ഏപ്രിലില്‍ ശ്രീലങ്കയില്‍ മൂന്നുറിലേറെപ്പേര്‍ മരിച്ച ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നാഷണല്‍ തൗഫിഖ് ജമാഅത്തിന്റെ തമിഴ്വിഭാഗമായ ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) എന്ന പുതിയ തീവ്രവാദ സംഘടനയുടെ കില്ലര്‍ സ്‌ക്വാഡാണ് സംഭവത്തിനുപിന്നിലെന്നു സൂചനയുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തീവ്രവാദ സ്ലീപ്പിംഗ് സെല്ലുകളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണ് അന്വേഷകര്‍. പ്രതികള്‍ക്ക് കേരളത്തില്‍ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നത് അന്വേഷിക്കും. അക്രമികള്‍ക്ക് രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതിന് തെളിവ് കിട്ടിയെന്നു പോലീസ് സ്ഥിരീകരിച്ചു. വ്യക്തമായ ക്രിമിനല്‍ റെക്കോഡുകളുള്ള പ്രതികളാണ് ഇരുവരും. ഇവരുടെ പക്കല്‍ തോക്കുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ നാഷണല്‍ ലീഗ് പ്രവര്‍ത്തകരെ ക്യൂ ബ്രാഞ്ച് പിടികൂടിയതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചെന്നു കരുതുന്ന വാഹനത്തെക്കുറിച്ചും കേരളഭാഗത്തേക്ക് അരക്കിലോമീറ്ററോളം കരാളി ഭാഗത്തേക്ക് പ്രതികള്‍ സഞ്ചരിച്ച ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. പ്രതികള്‍ക്കായി സംസ്ഥാനമെമ്പാടും ഊര്‍ജിത തെരച്ചില്‍ നടത്തുകയാണ് കേരളാ പോലീസ്. തൗഫീക്കും ഷെമീമും മുമ്പ് ജയിലില്‍ കഴിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന മലയാളികള്‍ ഉള്‍ള്ളപ്പെടെയുള്ള തടവുകരെ പോലീസ് ചോദ്യം ചെയ്യുകയാണ്. തമിഴ്നാട്ടിലെ തീവ്രമതസംഘടനയിലെ അംഗങ്ങള്‍ കന്യാകുമാരി, തിരുവനന്തപുരം ജില്ലകള്‍ ലക്ഷ്യംവെക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവരില്‍ നാലുപേരെക്കുറിച്ചുമാത്രമേ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ലഭ്യമല്ലാതിരുന്ന മറ്റുരണ്ടുപേര്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ടവര്‍തന്നെയാണ് അവരെന്നാണ് സൂചന. കളിയിക്കാവിള സംഭവത്തിനുപിന്നാലെ തിരുനെല്‍വേലിയിലെ ഒരുസ്ഫോടനക്കേസില്‍ മുമ്പ് പ്രതിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരാളെയും പോലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്ത്രിന്റെ സുരക്ഷാസംവിധാനം ദ്രുതകര്‍മസേനയെ ഡിജിപി ഏല്‍പ്പിച്ചു. കൊലപാതകവും തീവ്രവാദബന്ധവും കേരള- തമിഴ്നാട് പോലീസ് സംയുക്തമായാണ് അന്വേഷിക്കുന്നത്. തമിഴ്നാട് ഡിജിപി ജെ.കെ. തൃപാഠി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായി ചര്‍ച്ച നടത്തി. കേരളത്തില്‍ എടിഎസ് തലവന്‍ അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തമിഴ്നാട് ഡിജിപിയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതികള്‍ക്കു സഹായം നല്‍കിയ പാറശാല പുന്നക്കാട് ഐങ്കമണ്‍ സ്വദേശി സെയ്തലിയെ തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് തിരിച്ചറിഞ്ഞു. മാസങ്ങള്‍ക്കുമുമ്പ് അട്ടക്കുളങ്ങരയില്‍ തോക്കുമായി എത്തിയ വ്യക്തിയാണ് സെയതലിയെന്നാണ് സൂചന. ബുധനാഴ്ച രാത്രി 10.30ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എഎസ്ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സണെ ബൈക്കിലെത്തിയ രണ്ട് പ്രതികളും ചേര്‍ന്ന് വെടിവെച്ചത്. തലയില്‍ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വില്‍സണിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. കളിയിക്കാവിള ചെക് പോസ്റ്റ് ചുമതലയായിരുന്നു വില്‍സണ് ഉണ്ടായിരുന്നത്. മണല്‍കടത്ത് തടയാനായി രാത്രി കാവലിനാണ് ഈ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. രാത്രി ഡ്യൂട്ടിയില്‍ വില്‍സണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിരമിക്കാന്‍ നാലുമാസംമാത്രം ബാക്കിനില്‍ക്കേയാണ് എസ്.ഐ. വില്‍സന്റെ ദാരുണാന്ത്യം. മൃതദേഹം പൊതുദര്‍ശനത്തിനുവച്ചശേഷം സ്വദേശമായ മാര്‍ത്താണ്ഡത്തു സംസ്‌കരിച്ചു.
Discussion about this post