മലപ്പുറം: വള്ളുവനാട് രാജാവ് നിര്‍മ്മിച്ച 113 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കുന്നു. സ്‌കൂള്‍ കെട്ടിടത്തിന് വിലയിട്ടത് നാലായിരം രൂപയില്‍ താഴെ. കോവിഡ് കാലത്ത് ടെണ്ടര്‍ ക്ഷണിച്ചതും വിവാദം. മലപ്പുറം മങ്കട ഗവ. ഹൈസ്‌കൂളിന് വേണ്ടി വള്ളുവനാട് രാജാവ് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടതമാണ് പൊളിച്ച് നീക്കുന്നത്. വള്ളുവനാട്ടിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കമിട്ട ഈ സ്‌കൂള്‍ കെട്ടിടത്തിന് ചരിത്രത്തോളംതന്നെ പ്രധാന്യമുള്ളപ്പോഴാണ് കെട്ടിടം പൊളിച്ച് നീക്കാന്‍ അധികൃതര്‍ 3650 വിലയിട്ടു നടപടി ആരംഭിച്ചത്. നാലായിരത്തിലധികം വരുന്ന ഓടും, വന്‍ വിലമതിക്കുന്ന പഴയകാലത്ത് തേക്ക് മരത്തില്‍ നിര്‍മിച്ച മര ഉരുപ്പടികളും ഉള്ളപ്പോഴാണ് തുച്ഛമായ വിലക്ക് ചരിത്രപ്രാധാന്യമുള്ള കെട്ടിടം പൊളിച്ചു മാറ്റുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
സ്‌കൂള്‍ കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ടെണ്ടര്‍ ക്ഷണിച്ചതും വിവാദത്തിലാണ്. കൊറോണ കാലത്ത് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും പഞ്ചായത്തിലുമാണ് ടെണ്ടര്‍ നോട്ടീസ് പതിച്ചിരിക്കുന്നത്. ആളുകള്‍ ആരും പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ രഹസ്യമായി ടെണ്ടര്‍ ക്ഷണിച്ചതും ഏറെ വിവാദമായിട്ടുണ്ട്. കെട്ടിടം പൊളിച്ച് നീക്കുന്നതിനായി കഴിഞ്ഞ ദിവസം ടെണ്ടര്‍ ക്ഷണിച്ച് സ്‌കൂളിലും, ഗ്രാമപഞ്ചായത്ത് ഓഫീസിലും നോട്ടീസ് പതിച്ചിട്ടുണ്ടെന്നാണ് വിവരം. ഗോപാലകൃഷ്ണ ഗോഖലെയുടെ വിദ്യാഭ്യാസ ആശയങ്ങള്‍ കടമെടുത്ത് വള്ളുവനാട് രാജാവായിരുന്ന മങ്കട കോവിലകത്തെ കൃഷ്ണവര്‍മ രാജ തന്റെ നാട്ടുരാജ്യത്ത് സ്ഥാപിക്കുന്ന ആദ്യ സ്‌കൂളിനായി 1907ല്‍ നിര്‍മിച്ച കെട്ടിടമാണിത്. അന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന മിസ്റ്റര്‍ ഹില്‍ ആണ് ഈ കെട്ടിടത്തിന് തറക്കല്ലിട്ടത്. കരിങ്കല്ലും, ചെങ്കല്ലും ചേര്‍ത്ത് നിര്‍മിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത് മരവും ഓടും ഉപയോഗിച്ചാണ്.
കാര്യമായ റിപ്പയര്‍ വര്‍ക്കുകളൊന്നും ആവശ്യമായി വന്നിട്ടില്ലാത്ത ഈ കെട്ടിടം അനാവശ്യമായാണ് പൊളിച്ച് നീക്കാന്‍ സ്‌കൂള്‍ അധികൃതരും ജില്ല പഞ്ചായത്തും തീരുമാനിച്ചിരിക്കുന്നത്. മുറ്റം ട്രസ് വര്‍ക്ക് ചെയ്യാനാണ് കെട്ടിടം പൊളിച്ച് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്‌കൂളിന്റെ ലാബായും, ലൈബ്രറിയായും, സ്റ്റാഫ് റൂമായും, ക്ലാസ് റൂമായും ഉപയോഗിച്ച് വന്നിരുന്ന കെട്ടിടം പഴമയുടെ അടയാളമായി സംരക്ഷിക്കേണ്ടതുണ്ട്. കെട്ടിടം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്ത് സ്‌കൂളിന്റെ സ്ഥാപകനായ മങ്കട കൃഷ്ണവര്‍മ രാജയുടെ പേരിലുള്ള അത്യാധുനിക ലൈബ്രറിയായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആവശ്യം.
Discussion about this post