ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്ന് ഇന്ത്യന്‍ സൈനികരുടെ പട്രോളിംഗ് തടയാന്‍ ശ്രമിച്ച് ചൈനീസ് മേജറുടെ മൂക്കടിച്ചുപരത്തി ഇന്ത്യന്‍ സൈനികന്‍. നാകുല അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ തടയാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നാകുല അതിര്‍ത്തി തങ്ങളുടേതാണെന്നും ഇവിടെ നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറണമെന്നുമാണ് ചൈനീസ് സംഘത്തെ നയിച്ച മേജര്‍ ഇന്ത്യന്‍ സൈനികരോട് ആവശ്യപ്പെട്ടത്. ഇതാണ് സംഘര്‍ഷത്തിനു വഴിവച്ചത്. ഇതോടെ ചൈനീസ് മേജറുടെ മൂക്കിന് നല്ല ഇടി കൊടുക്കുകയായിരുന്നു പട്രോളിംഗ് സംഘത്തെ നയിച്ച പട്ടാളക്കാരന്‍.
പട്രോളിംഗിനിടെ ഇത് ഇന്ത്യയുടെ സ്ഥലമല്ല പുറത്തു പോകണമെന്ന് ഇന്ത്യന്‍ സൈനിക സംഘത്തോട് ചൈനീസ് സംഘം ആവശ്യപ്പെടുകയായിരുന്നു. അസം റെജിമെന്റില്‍ കേണലായി വിരമിച്ച മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകനായിരുന്നു ഇന്ത്യന്‍ പട്രോളിംഗ് സംഘത്തെ നയിച്ചത്. ഇത് ഇന്ത്യയുടെ സ്ഥലമല്ലെന്നും നിങ്ങള്‍ പൊയ്‌ക്കോണമെന്നും ധിക്കാര സ്വരത്തില്‍ പറഞ്ഞ ചൈനീസ് മേജര്‍ കൈയേറ്റത്തിനു വന്നപ്പോഴാണ് ഇന്ത്യയുടെ ലഫ്റ്റനന്റ് പ്രതികരിച്ചത്. ലഫ്റ്റനന്റിന്റെ ഇടി മേജറുടെ മൂക്കിനാണേറ്റത്. ഇടികൊണ്ട ചൈനീസ് മേജര്‍ താഴെ വീണെന്നും ഇയാളുടെ നെയിം പ്ലേറ്റും സൈനിക മുദ്രകളും ഇളകിയെന്നുമാണ് റിപ്പോര്‍ട്ട്. മേജറെ അടിച്ച ഇന്ത്യന്‍ സൈനികന്‍ ഹീറോ ആയെങ്കിലും ഇദ്ദേഹത്തെ തത്കാലത്തേക്ക് അതിര്‍ത്തിയില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. മേഖലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് വിഷയം പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ മേജറെ ഒരു ഇന്ത്യന്‍ സൈനികന്‍ തല്ലിയത് ചൈനീസ് സൈന്യത്തിന് നാണക്കേടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയുധശേഷിയും സാങ്കേതിക വിദ്യയുമൊക്കെ കൂടുതലായിരുന്നാലും നേരിട്ടുള്ള തല്ലിലും ദേശസ്‌നേഹത്തിലും ധൈര്യത്തിലും ഇന്ത്യന്‍ സൈനികരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ലഫ്റ്റനന്റിന്റെ അച്ഛനായ കേണല്‍ പ്രതികരിച്ചു. തത്കാലം സംഘര്‍ഷം ലഘൂകരിക്കുന്നതാണ് പ്രധാനമെന്നതിനാല്‍ മാധ്യമങ്ങളില്‍ മകന്റെ പേരു വലിച്ചിഴയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നാകുല സെക്ടറിന് സമീപത്താണ് ഇരുവശത്തുമുള്ള സൈനികര്‍ തമ്മില്‍ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടായത്. ഇരുഭാഗത്തും ചെറിയ പരിക്കുകള്‍ സംഭവിച്ചതായും വിവരമുണ്ട്. സംഘര്‍ഷത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റു. പ്രാദേശിക തലത്തില്‍ ആശയവിനിമയം നടത്തി സംഘര്‍ഷം അവസാനിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സംഘര്‍ഷം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആദ്യമായിട്ടല്ല സൈനികര്‍ ഏറ്റുമുട്ടുന്നത്. നേരത്തെ ഡോക്‌ലാമിലും മറ്റുമായി സൈനികര്‍ തമ്മില്‍ കല്ലേറ് നടത്തുകയും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തിരുന്നു.150 ഓളം സൈനികര്‍ സംഘര്‍ഷ സമയത്ത് ഇവിടെയുണ്ടായിരുന്നു.
Discussion about this post