തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രീതി സമ്പാദിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കിയെങ്കിലും മെയ് മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ കനിവിന് കാത്തിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ലോക്ക് ഡൗണ്‍ മൂലം ഭക്തര്‍ ക്ഷേത്രങ്ങളില്‍ വരാതായതോടെ വരുമാനമെല്ലാം നിലച്ച് പ്രസിഡന്റ് അടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വഴിയില്ലാതായിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ മൂലം വരുമാനത്തില്‍ ഇതുവരെ 250 കോടി രൂപയുടെ കുറവാണ് ബോര്‍ഡിനുണ്ടായിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ശബരിമല ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ അവിടെ നിന്നുള്ള വരുമാനം തീരെ ഇല്ലാതായി. വിഷു സീസണില്‍ കുറഞ്ഞത് നാല്‍പ്പത് കോടി രൂപയുടെ വരുമാനം ലഭിക്കേണ്ടതായിരുന്നു. കൂടാതെ കടകള്‍ ലേലം ചെയ്തു നല്‍കുന്ന ഇനത്തില്‍ ലഭിക്കേണ്ട തുകയും ലഭിച്ചില്ല. ബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്തു കൊടുക്കുന്ന വരുമാനത്തില്‍ നിന്നു ലഭിക്കേണ്ട നൂറ് കോടി രൂപയും നഷ്ടമായി. ചില ദേവസ്വം ഗ്രൂപ്പുകളില്‍ ലേല നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ലേലം കൊണ്ടവര്‍ പണം കെട്ടിവയ്ച്ചില്ല. വൈക്കം, കൊട്ടാരക്കര, അമ്പലപ്പുഴ, മലയാലപ്പുഴ തുടങ്ങിയ ക്ഷേത്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ ലേലം ചെയ്യുന്നതിലൂടെ നല്ലൊരു തുക ബോര്‍ഡിനു ലഭിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ വഴിപാട് തുടങ്ങിയെങ്കിലും കാര്യമായ പ്രതികരണമില്ല. ഇതോടെ നിത്യനിദാന ചെലവുകള്‍ക്ക് പോലും ബോര്‍ഡ് ഞെരുങ്ങുകയാണ്. ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വരുമാനത്തില്‍ ഗണ്യമായി കുറവ് വന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നൂറ് കോടി രൂപ ബജറ്റില്‍ നീക്കിവച്ചെങ്കിലും മുപ്പത് കോടി രൂപ മാത്രമാണ് നല്‍കിയത്. ദേവസ്വം ബോര്‍ഡ് കരുതല്‍ ധനമായി സൂക്ഷിച്ച ഫണ്ടില്‍ നിന്ന് പദ്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്ത് 35 കോടി രൂപ കരാറുകാര്‍ക്ക് നല്‍കുന്നതിനുവേണ്ടി വായ്പയെടുത്തു. രണ്ട് കോടി പലിശ കൂടി ചേര്‍ത്ത് ഇപ്പോള്‍ അത് 37 കോടി രൂപയായി. സര്‍ക്കാര്‍ ഗ്രാന്റ് ഇനത്തില്‍ നല്‍കേണ്ട എണ്‍പതു ലക്ഷം രൂപയില്‍ നല്‍കിയതാവട്ടെ 40 ലക്ഷം രൂപ മാത്രമാണ്.
ഇതിനിടയില്‍ ഒരു മാസത്തെ ശമ്പളം സാലറി ചലഞ്ച് ആയി നല്‍കണമെന്ന് ദേവസ്വം പ്രസിഡന്റ് എന്‍. വാസു ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇത് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിനിടയായിരുന്നു. അതിനിടെ ഇടവമാസ പൂജയ്ക്കും ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാനാവില്ല. ഇതും ബോര്‍ഡിന് നല്ല തിരിച്ചടിയാണ്.
Discussion about this post