തിരുവനന്തപുരം: ലൈഫ് മിഷനു കീഴില്‍ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഭവനനിര്‍മാണ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം സ്വീകരിച്ചത് കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്ഥാപനത്തില്‍ നിന്ന്. വിദേശനാണയ വിനിമയ നിയമപ്രകാരം ധനസഹായം സ്വീകരിക്കാവുന്ന അംഗീകൃത സംഘടനകളുടെ പട്ടികയില്‍ യുഎഇയിലെ റെഡ്ക്രെസന്റ് ഉള്‍പ്പെട്ടിട്ടില്ല. ഇത് സംസ്ഥാനത്തിന് കനത്ത തിരിച്ചയാകുമെന്ന കാര്യം ഉറപ്പാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2010ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് അനുസരിച്ച് 109 സംഘടനകളില്‍നിന്നും അവയുടെ ഉപ സംഘടനകളില്‍നിന്നുമാണ് സംസ്ഥാന സര്‍ക്കാരിനും വിവിധ ഏജന്‍സികള്‍ക്കും ധനസഹായം സ്വീകരിക്കാന്‍ അനുമതിയുള്ളത്. രാജ്യങ്ങള്‍ തമ്മിലുള്ള ധനസഹായത്തിന്റെ പരിധിയില്‍ വരുന്നതല്ല ഇത്. ഇതനുസരിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള 34 സംഘടനകളില്‍നിന്നും വിവിധ ധനകാര്യ കമ്മിഷനുകളില്‍നിന്നും പത്തു പരിസ്ഥിതി സംഘടനകളില്‍നിന്നും പണം എഫ്‌സിആര്‍എ അക്കൗണ്ടിലൂടെ സ്വീകരിക്കാന്‍ കഴിയും. 12 സ്പെഷെലെസ്ഡ് ഏജന്‍സികളും വിവിധ വേള്‍ഡ് ബാങ്ക് ഗ്രൂപ്പുകളും കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്.
റീജണല്‍ ഡവലപ്മെന്റ് ബാങ്കുകള്‍, 25 രാജ്യാന്തര സംഘടനകള്‍ എന്നിവയും ഇതില്‍പ്പെടും. യുഎഇ ആസ്ഥാനമായ ഒരു സംഘടനയില്‍ നിന്നും ഇത്തരത്തില്‍ വിദേശ ധനസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. രാജ്യത്ത് നിലവിലുള്ള എല്ലാ ചട്ടങ്ങളും മറികടന്നാണ് കേരളസര്‍ക്കാര്‍ യുഎഇയിലെ റെഡ്ക്രസന്റുമായി എംഒയു ഒപ്പിട്ടിരിക്കുന്നതെന്ന് ഇതിലൂടെ നിസംശയം തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇഡി അന്വേഷിക്കുന്ന ഈ കേസില്‍ കേന്ദ്രനിയമലംഘനം പകല്‍പോലെ വെളിച്ചത്തുവരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഊരാക്കുടുക്കില്‍ അകപ്പെട്ടിരിക്കുകയാണ്. പിണറായിയുടെ സാന്നിധ്യത്തിലായിരുന്നു ലൈഫ് മിഷനു വേണ്ടി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ യു.വി. ജോസ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത്. ഇത് അന്വേഷണത്തിന്റെ വ്യാപ്തിയും കൂട്ടും. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ സ്ഥാനത്തുനിന്ന് 2018ല്‍ നീക്കിയ ഷൈന്‍ എ. ഹക്കിനെ നിയമം മറികടന്നു ചീഫ് സെക്രട്ടറിക്കു തൊട്ടുതാഴെ ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറായി നിയമിച്ചതു സംബന്ധിച്ച് അന്വേഷണം വരും.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അന്നത്തെ ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നാണ് സൂചന. കേന്ദ്രം അറിയാതെ കോണ്‍സുലേറ്റിനെ മറയാക്കി കള്ളക്കടത്തു നടത്താന്‍ ഉന്നതര്‍ ഷൈനിനെ വിനിയോഗിച്ചെന്നാണ് സംശയം. അതിനാല്‍ ഇദ്ദേഹം വീണ്ടും അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലിനു വിധേയനാകേണ്ടിവരും. തിരുവനന്തപുരത്തു യുഎഇ കോണ്‍സുലേറ്റ് തുടങ്ങിയ കാലം മുതല്‍ 2018 വരെ ഷൈനായിരുന്നു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍. ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഷൈനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് സൂചന. ഷൈനിനു പകരം 2018ല്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറായ സുനില്‍കുമാറിനു മുന്നില്‍ നയതന്ത്ര ബാഗേജിലൂടെ വരുന്ന പാഴ്സലുകള്‍ സംബന്ധിച്ച ഒരു വിവരവും എത്തിയിട്ടില്ലെന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷൈനാണ് ഇക്കാര്യങ്ങളില്‍ ഇടപെട്ടിരുന്നത്.
Discussion about this post