തിരുവനന്തപുരം: കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ കേന്ദ്രഏജന്‍സികള്‍ രേഖകള്‍ ആവശ്യപ്പെട്ടെത്തുമ്പോള്‍ മാത്രം അഗ്നി ആളിക്കത്തുന്നു. 151 വര്‍ഷം പഴക്കമുള്ള സെക്രട്ടറിയേറ്റില്‍ മുന്‍പ് പലതവണ തീ പിടിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രഏജന്‍സികള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ സുപ്രധാന അന്വേഷണവുമായി സെക്രട്ടറിയേറ്റില്‍ എത്തുമ്പോള്‍ അഗ്നിബാധ ഉണ്ടാകുന്നത് വളരെ വിചിത്രമായ സംഭവമാണ്.
2006ല്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ തേടി സിബിഐ എത്തിയപ്പോളും ഇപ്പോള്‍ സര്‍ണക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ തേടി എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ എത്തിയപ്പോളും സെക്രട്ടറിയേറ്റില്‍ അഗ്നിബാധയുണ്ടായി. ഈ രണ്ട് അഗ്നിബാധകളും നടക്കുമ്പോള്‍ പിണറായി വിജയന്‍ വിവിധ ആരോപണങ്ങള്‍ നേരിടുന്നെന്നകാര്യം ശ്രദ്ധേയമാണ്. കന്റോണ്‍മെന്റ് ഗേ്റ്റ് വഴി സെക്രട്ടേറിയറ്റിലേക്കു കയറുമ്പോള്‍ പഴയ നിയമസഭ മന്ദിരം കഴിഞ്ഞ് നോര്‍ത്ത് ബ്ലോക്ക് ആരംഭിക്കുന്നയിടത്ത് ഒന്നാം നിലയിലാണ് 2006ല്‍ ചെറിയ തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു കാരണം. ഇതിനു താഴത്തെ നിലയിലാണ് സെക്രട്ടേറിയറ്റിലെ ഫയലുകള്‍ സൂക്ഷിക്കുന്ന റെക്കോര്‍ഡ് റൂം. ലാവ്ലിന്‍ കേസ് ആദ്യം അന്വേഷിച്ച വിജിലന്‍സ് സംഘത്തിന് ഊര്‍ജവകുപ്പിലെ ചില പ്രധാന ഫയലുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തിയെങ്കിലും ഫയല്‍ കണാനില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
ഫയല്‍ സെക്രട്ടേറിയറ്റില്‍ വീണ്ടും ‘പ്രത്യക്ഷപ്പെട്ടെന്ന’ വിവരം ലഭിച്ചതിനെത്തുടര്‍ന്നു സിബിഐ സംഘം രാവിലെ സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ് റൂമിലെത്തി ചുമതലയുള്ള അണ്ടര്‍ സെക്രട്ടറിയോട് വിവരങ്ങള്‍ ആരാഞ്ഞു. നാലു മണിക്കുള്ളില്‍ ഫയല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സംഘം മടങ്ങിയതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. നാശനഷ്ടങ്ങളുണ്ടായില്ല. പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് എന്‍ഐഎയും ഇഡിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരാഞ്ഞ ഘട്ടത്തിലാണ് ഇപ്പോള്‍ തീപിടിത്തമുണ്ടായത്.
Discussion about this post