മുംബൈ: പാല്‍ഘറില്‍ ഒരു കൂട്ടം കമ്മ്യൂണിസ്റ്റ് തീവ്രവാദികളും മതേതര തീവ്രവാദികളും സംഘടിച്ച് സന്യാസിമാരെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിഭാഗത്തിനെതിരെ തിരിയുന്നു. സന്യാസിമാരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ച നടത്തിയ റിപ്പബ്ലിക് ടിവി ചാനലിനെതിരെയാണ് ശിവസേന നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. തീവ്രഹൈന്ദവ നിലപാടുകളിലൂടെ മുന്നോട്ടു വന്ന ബാല്‍താക്കറെയുടെ ശിവസേന എന്ന രാഷ്ട്രീയപാര്‍ട്ടി അധികാരത്തിനു വേണ്ടി കോണ്‍ഗ്രസുമായി കൂട്ടുകൂടിയതോടെ ന്യൂനപക്ഷ പ്രീണനത്തിലൂടെ മതേതര മുഖം കൈവരിക്കാനുള്ള ശ്രമത്തിലാണ്. ബാല്‍താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയുടെ അധികാരമോഹം ആദര്‍ശങ്ങളെ ബലികഴിച്ച് താക്കോല്‍ സ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കമായാണ് എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നുള്ള മുന്നണി രൂപീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആദ്യം മുതല്‍ ചൂണ്ടിക്കാണിക്കുന്നതാണ്.
ഇപ്പോള്‍ കോണ്‍ഗ്രസിനെ പ്രീണിപ്പിക്കുന്നതിനായാണ് മുംബൈ പോലീസ് റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയെ വിളിച്ചുവരുത്താന്‍ തുനിയുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. പാല്‍ഘര്‍ സംഭവം ചര്‍ച്ച ചെയ്യുന്നതിനിടെ അര്‍ണബ് നടത്തിയ പരാമര്‍ശങ്ങള്‍ പേരിലാണ് നോട്ടീസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108ാം വകുപ്പുപ്രകാരം അയച്ച നോട്ടീസില്‍ വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാല്‍ഘര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 21ന് ‘പൂഛ്താ ഹേ ഭാരത്’ (ഇന്ത്യ ചോദിക്കുന്നു) എന്ന പേരില്‍ അര്‍ണബ് ഗോസ്വാമി ചാനലില്‍ ഒരു പരിപാടി നടത്തിയിരുന്നു. ഈ പരിപാടിക്കിടയില്‍ ഹിന്ദുവായിയിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കുമോയെന്നും ചോദിച്ചിരുന്നു.
അര്‍ണബിന്റെ പരാമര്‍ശം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുളള സാമുദായിക സ്പര്‍ധയ്ക്ക് ഇടയാക്കാവുന്നതാണെന്നും ആ യുട്യൂബ് വീഡിയോ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച് വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നയത്തിനെതിരെ പൊതുജനങ്ങളുടെ രോഷം ഉയരുന്നത് ശിവസേന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മതേതരത്വത്തിന്റെ മറപിടിച്ച് ഏകാധിപത്യത്തില്‍ അഭിരമിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യമാണ് ഇപ്പോള്‍ ശിവസേനക്കാര്‍ പിന്തുടരുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Discussion about this post