മുംബൈ: റിപ്പബ്ലിക് ടിവി ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അതിരാവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അര്‍ണബിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് അര്‍ണബിനെയും കുടുംബത്തെയും കൈയേറ്റം ചെയ്‌തെന്നും കുടുംബാംഗങ്ങളെ അധിക്ഷേപിച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച വീഡിയോ റിപ്പബ്ലിക് ടിവി പുറത്തുവിട്ടു. അതിരാവിലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആയുധധാരികളായ പോലീസ് സംഘം അര്‍ണബിന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവി ജീവനക്കാരെ പോലീസ് കൈയേറ്റം ചെയ്തു പുറത്താക്കുകയായിരുന്നുവെന്നാണ് റിപ്പബ്ലിക് ടിവി പറയുന്നത്.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ പൊള്ളത്തരങ്ങളെ ജനങ്ങളിലേക്ക് തുടര്‍ച്ചയായി എത്തിക്കുന്നതാണ് അര്‍ണബിനോടുള്ള പ്രതികാരം അനുദിനം വര്‍ധിക്കുന്നതിന് കാരണമായിരിക്കുന്നത്. പാല്‍ഘറില്‍ ഒരു സംഘം സാമൂഹ്യവിരുദ്ധര്‍ രണ്ടു സന്യാസിമാരെ അടിച്ചുകൊലപ്പെടുത്തിയിരുന്നു. ഇക്കാര്യം ജനങ്ങളിലെത്തിച്ചത് മഹാരാഷ്ട്ര സര്‍ക്കാരിന് അര്‍ണബിനോട് വൈരാഗ്യം വര്‍ധിക്കാന്‍ കാരണമായി. അതിനുപുറമെ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈയിലെ ലഹരി മാഫിയകളെ തുറന്നുകാട്ടുന്നതില്‍ അര്‍ണബും കൂട്ടരും വളരെ മുന്നില്‍ നിന്നു. നേരത്തേ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയുടെ യഥാര്‍ഥ പേര് ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശിച്ചതു മുതല്‍ അര്‍ണബ് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും കണ്ണിലെ കരടാണ്. 2018ല്‍ ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായ്ക്ക് ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വാറണ്ടോ സമന്‍സോ ഒന്നുമില്ലാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തിതെന്ന് അര്‍ണബ് വ്യക്തമാക്കി. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് മുംബൈ പോലീസ് പറയുന്നത്.
2018ല്‍ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസെടുത്തിരുന്നു. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡിയായിരുന്നു അന്‍വായ് നായിക്. അദ്ദേഹവും അമ്മയും അലിബാഗിലെ ഫാം ഹൗസില്‍ 2018 മെയ് മാസത്തിലാണ് ആത്മഹത്യ ചെയ്തത്. അര്‍ണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും തനിക്ക് 5.4 കോടി രൂപ നല്‍കാനുണ്ടെന്ന് അന്‍വായ് നായിക് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഈ പണമെല്ലാം കൊടുത്തു തീര്‍ത്തെന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രതികരണം. നേരത്തെ ഇക്കാര്യത്തില്‍ കേസെടുത്തിരുന്നെങ്കിലും അര്‍ണബ് നിരപരാധിയാണെന്നു കണ്ടതിനാല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. എന്നാല്‍ മുംബൈ പോലീസിന്റെ സര്‍ക്കാര്‍ പ്രീണനത്തെ തുറന്നുകാട്ടുകയും കള്ളക്കേസുകള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുകയും ചെയ്തതോടെ അര്‍ണബിനെ തളയ്ക്കാന്‍ അവസരം നോക്കി നടക്കുകയായിരുന്നു മുംബൈ പോലീസ്.
Discussion about this post