തിരുവനന്തപുരം: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലൂടെ മുസ്ലീം വോട്ട് ബാങ്ക് സൃഷ്ടിച്ചു എന്ന ആത്മവിശ്വാസത്തോടെ ക്രിസ്ത്യന്‍ വോട്ട് ബാങ്ക് സൃഷ്ടിക്കാനും പിണറായി സര്‍ക്കാരിന്റെ നീക്കം. അന്തരിച്ച കെ.എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കേരള കോണ്‍ഗ്രസുകാരെ അടര്‍ത്തി ഇടതുമുന്നണിയോടൊപ്പം ചേര്‍ത്തിയതിനു പിന്നാലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കാനാണ് ഇടത് മന്ത്രിസഭയുടെ തീരുമാനം. മധ്യ കേരളത്തില്‍ പാര്‍ട്ടിയോട് ക്രിസ്ത്യന്‍ സമൂഹം എന്നും സ്വീകരിച്ച അകലം ഇല്ലാതാക്കി വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഒരു സ്വാധീനവുമില്ലാത്ത അവസ്ഥയാണ് സിപിഎമ്മിനുള്ളത്. വടക്കന്‍ കേരളത്തിലെ മുസ്ലീങ്ങളും തെക്കന്‍ കേരളത്തിലെ ക്രിസ്ത്യാനികളും ഇടതുപക്ഷത്തോട് വ്യക്തമായ അകലം പാലിച്ചാണ് നിലനില്‍ക്കുന്നത്. ഇതിന് ഒരറുതി വരുത്താന്‍ ആദ്യം സിപിഎം ചെയ്തത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലൂടെ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണ ആര്‍ജിക്കലാണ്. ഇത് ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു. എന്നാല്‍ യാഥാസ്ഥിതിക മുസ്ലീങ്ങള്‍ ഇപ്പോഴും പാര്‍ട്ടിക്കെതിരാണുന്നള്ളത് സിപിഎമ്മിനെ മറ്റു മേഖലകളില്‍ കൂടി സ്വാധീനമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതിനാലാണ് കെ.എം. മാണിക്കെതിരെ നികൃഷ്ടമായ സമരരീതികള്‍ കൈക്കൊണ്ട പിണറായിയും കൂട്ടരും ജോസ് കെ. മാണിയെ ആനയും അമ്പാരിയുമായി എതിരേറ്റത്. എന്നാല്‍ സ്വാധീനം നഷ്ടപ്പെട്ട ജോസ് കെ. മാണിയെ മുന്നില്‍ നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും പാര്‍ട്ടിയില്‍ നിന്നകലും എന്ന വസ്തുതയും സിപിഎം നേതാക്കള്‍ മനസിലാക്കി. അതിനാലാണ് അവരെ പ്രീണിപ്പിക്കാനായി പട്‌ന ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി ഒരു കമ്മീഷനെ നിയോഗിച്ചത്. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. ക്രിസ്ത്യന്‍ സഭകളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഇവരിലൂടെ മധ്യ കേരളത്തില്‍ ഒരു വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് പിണറായിയുടെ ശ്രമം.
Discussion about this post