അയോദ്ധ്യ : ദീപശോഭയിൽ മുങ്ങിയ അയോദ്ധ്യക്ക് പുതിയ ലോക റെക്കോർഡ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ എണ്ണ ചിരാതുകൾ തെളിയിച്ചതിനാണ് അയോദ്ധ്യക്ക് ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചിട്ടുള്ളത്. ദീപോത്സവത്തിന്റെ ഭാഗമായി സരയൂ തീരത്ത് തെളിഞ്ഞത് 5,84,572 ദീപങ്ങളാണ്.
കഴിഞ്ഞ വർഷത്തെ ലോക റെക്കോർഡാണ് ഇത്തവണ തിരുത്തിക്കുറിച്ചത്. കഴിഞ്ഞതവണ സരയു തീരത്ത് തെളിയിച്ചത് 4,04,026 ദീപങ്ങളാണ്. ഇന്നലെ സരയൂനദി തീരത്തെത്തി യോഗി ആദിത്യനാഥാണ് രാമപാദത്തിൽ ദീപം കൊളുത്തി ദീപാവലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ശേഷം നദികൾക്കു സമീപം തടിച്ചുകൂടിയ ജനക്കൂട്ടം, ദീപം പകർന്നു വാങ്ങി 5.5 ലക്ഷം മൺചിരാതുകൾ തെളിച്ചു. യോഗി ആദിത്യനാഥിനോടൊപ്പം, യുപി ഗവർണർ ആനന്ദിബെൻ പട്ടേലും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലാരൂപങ്ങൾ ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടി. ഇന്നു രാവിലെ ഹനുമാൻഗഡി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം യോഗി ആദിത്യനാഥ് ലക്നൗവിലേക്ക് മടങ്ങും. 2017 മാർച്ചിൽ അധികാരത്തിലേറിയ യോഗി സർക്കാർ 7 മാസങ്ങൾക്കിപ്പുറം ഒക്ടോബറിലാണ് അയോധ്യയിൽ ആദ്യ ദീപോത്സവ് പരിപാടിക്ക് ആരംഭം കുറിച്ചത്.
Discussion about this post