മംഗളൂരു : മുഹമ്മദ് നബിയെ അപമാനിച്ചാൽ തലവെട്ടുമെന്ന ഭീഷണിയുമായി മംഗളൂരു നഗരത്തിൽ പോസ്റ്ററുകളും ,ചുവരെഴുത്തുകളും പതിപ്പിച്ച യുവാവ് അറസ്റ്റിൽ .
തിന്നഹള്ളി നിവാസിയായ നസീർ മുഹമ്മദ് എന്ന 26 കാരനെയാണ് കദ്രി പോലീസ് അറസ്റ്റ് ചെയ്തത്. ഫോൺ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ചോദ്യം ചെയ്യൽ ആരംഭിച്ചതായും കദ്രി പോലീസ് അറിയിച്ചു . നസീർ മംഗളൂരുവിൽ ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
ചുവരെഴുത്തുകൾക്കായി നസീർ മുഹമ്മദിനെ സഹായിച്ച മറ്റൊരു പ്രതി ഒളിവിലാണ് . ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ആർ എസ് എസിനെയും ,ഹിന്ദുക്കളെയും നേരിടാൻ പാക് ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്‌ബയേയും , താലിബാനെയും ക്ഷണിക്കാൻ നിർബന്ധിക്കരുതെന്ന ചുവരെഴുത്തുകളാണ് ആദ്യം നഗരത്തിൽ പ്രത്യക്ഷപ്പെട്ടത് . ഇതിൽ അന്വേഷണം തുടരുന്നതിനിടയിലാണ് മുഹമ്മദ് നബിയെ അപമാനിച്ചാൽ തല വെട്ടുമെന്ന ഭീഷണി മുഴക്കി ചുവരെഴുത്തുകൾ വന്നത്.
മംഗളൂരുവിലെ കോടതി പരിസരത്തെ പഴയ പോലീസ് ഔട്ട്‌പോസ്റ്റിന് പുറത്താണ് ചുവരെഴുത്തുകൾ കണ്ടെത്തിയത് . മുംബൈ ഭീകരാക്രമണത്തിന്റെ വാർഷിക ദിനാചാരണത്തിനോടനുബന്ധിച്ചാണ് പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയ്ക്ക് സിന്ദാബാദ് വിളിച്ച് മംഗളൂരുവിൽ പോസ്റ്ററുകളും ,ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടത് . ഒപ്പം “സംഘികളോടും മനുവാദികളോടും ഇടപെടുവാൻ ലഷ്‌കർ-ഇ-ത്വയിബയെയും താലിബാനെയും ക്ഷണിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്” എന്ന വാക്യത്തിനൊപ്പം “ലഷ്‌കർ സിന്ദാബാദ്” എന്ന ഹാഷ്‌ടാഗും വരച്ചിരുന്നു .
Discussion about this post