ശ്രീരാമജന്മഭൂമിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഏകകണ്ഠമായ വിധിയും തുടര്‍ന്ന് ശ്രീരാമമന്ദിരനിര്‍മ്മാണത്തിനുവേണ്ടി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണവും മഹത്തായ ക്ഷേത്രനിര്‍മ്മാണത്തിന് വിശുദ്ധമായ ചടങ്ങുകളോടെ സമാരംഭം കുറിച്ചതും നിധി സമാഹരണ യജ്ഞവുമെല്ലാം വരാന്‍ പോകുന്ന തലമുറകളെ പ്രചോദിപ്പിക്കുന്ന തരത്തില്‍, ഭാരതചരിത്രത്തിന്റെ സുവര്‍ണ്ണതാളുകളിലൊന്നായി തീര്‍ന്നിരിക്കുകയാണ്. മേല്‍പ്പറഞ്ഞ കാര്യക്രമങ്ങള്‍ ഭാരതത്തിന്റെ ആന്തരിക ശക്തിയെ പ്രകടമാക്കുന്നതും, ആത്മീയ ഉണര്‍വ്വ്, ദേശീയ അഖണ്ഡത, ശുഭേച്ഛ, സാമൂഹ്യസമരസത, സമര്‍പ്പണം എന്നിവയുടെ മകുടോദാഹരണമാണ് എന്നതാണ് അഖിലഭാരതീയ പ്രതിനിധി സഭയുടെ സുചിന്തിതമായ അഭിപ്രായം.
യുഗാബ്ദം 5122 ഭാദ്രപദകൃഷ്ണ ദ്വിതീയദിവസം (2020 ആഗസ്ത് 5) ആദരണീയനായ ഭാരതപ്രധാനമന്ത്രിയുടെയും പൂജനീയ സര്‍സംഘചാലകന്റേയും, ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റികള്‍, മഹാന്മാരായ സന്യാസി ശ്രേഷ്ഠന്മാര്‍, എല്ലാ വിഭാഗങ്ങളിലും പെടുന്ന ധര്‍മ്മാചാര്യന്മാര്‍ എന്നിവരുടേയും മഹനീയ സാന്നിധ്യത്തില്‍ നടന്ന ക്ഷേത്രനിര്‍മ്മാണത്തിന്റെ വര്‍ണ്ണാഭമായ പ്രാരംഭ ചടങ്ങുകള്‍ക്ക് ലോകമാകമാനം ഉള്ളവര്‍ അത്യുത്സാഹത്തോടെയാണ് സാക്ഷ്യം വഹിച്ചത്. ഭാരതത്തിലെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും സമാഹരിച്ച പവിത്രമായ മണ്ണുപയോഗിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കോവിഡ് 19 മഹാമാരികളെ കണക്കിലെടുത്ത് നേരിട്ടുള്ള പങ്കാളിത്തത്തില്‍ നിയന്ത്രണം വരുത്തിയിരുന്നെങ്കിലും ആ ചടങ്ങിന്റെ പ്രഭാവം അനിയന്ത്രിതമായിരുന്നു ദൃശ്യമാധ്യമങ്ങള്‍ വഴി മുഴുവന്‍ ഹിന്ദു സമൂഹവും പരിപാടികളില്‍ പങ്കെടുത്തു. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും രാഷ്ട്രീയ പാര്‍ട്ടികളും ഏകകണ്ഠമായി ഈ സംരംഭത്തെ പ്രകീര്‍ത്തിച്ചു.
ആദരണീയനായ രാഷ്ട്രപതിയില്‍നിന്നും ന്യൂദല്‍ഹിയിലെ ഭഗവാന്‍ വാത്മീകി മന്ദിരത്തില്‍ നിന്നും നിധി സമാഹരിച്ച് പവിത്രമായ മകരസംക്രാന്തി ദിവസം ആരംഭിച്ച 44 ദിവസത്തെ നിധി സമര്‍പ്പണ്‍ അഭിയാന്‍ ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊതുസമ്പര്‍ക്ക പരിപാടിയാണ്. പന്ത്രണ്ട് കോടി യിലധികം രാമഭക്തകുടുംബങ്ങള്‍ മഹത്തായ മന്ദിരനിര്‍മ്മാണത്തിന് സംഭാവന നല്‍കി. ഗ്രാമ-നഗര,ഗിരി-വന മേഖലകളിലുള്ളവരെല്ലാം അത്യുത്സാഹത്തോടെയാണ് നിധി സമാഹരണത്തില്‍ പങ്കാളികളായത്. പണക്കാരന്‍ മുതല്‍ സാധാരണക്കാരന്‍ വരെ എല്ലാവരും സര്‍വ്വാത്മനാ സഹകരിക്കുക വഴി സമാഹരണത്തെ വന്‍വിജയമാക്കി മാറ്റി. സമാനതകളില്ലാത്ത ഉത്സാഹപ്രകടന ത്തിനും പങ്കാളിത്തത്തിനും എല്ലാ രാമഭക്തരേയും അഖിലഭാരത പ്രതിനിധിസഭ അനുമോദിക്കുന്നു.
സമസ്ത രാഷ്ട്രവും ശ്രീരാമനുമായി സദാ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിധി സമാഹരണം തെളിയിക്കുന്നു. ശ്രീരാമന്റെ ആദര്‍ശം സമൂഹത്തില്‍ സ്ഥായിയായി വര്‍ത്തിക്കാന്‍ സാമൂഹ്യരംഗത്തും മതരംഗത്തും വിദ്യാഭ്യാസരംഗത്തും ഉള്ളവര്‍, ബുദ്ധിജീവികള്‍ തുടങ്ങി എല്ലാ രാമഭക്തരും ഫലവത്തായ പരിശ്രമം നടത്തണമെന്ന് അഖിലഭാരതീയ പ്രതിനിധി സഭ അഭ്യര്‍ത്ഥിക്കുന്നു. അയോദ്ധ്യയില്‍ ശ്രീരാമജന്മഭൂമിയില്‍ മഹത്തായ ക്ഷേത്രം നിര്‍മ്മിക്കുന്നതോടൊപ്പം ശ്രീരാമന്റെ മൂല്യങ്ങളാല്‍ പ്രചോദിതമായ സാമൂഹ്യ രാഷ്ട്രീയ ജീവിതം സംജാതമാക്കുവാനും കൂട്ടായ പരിശ്രമം ആവശ്യമാണ്. ശക്തവും മഹത്തരവുമായ ഭാരതത്തെ സൃഷ്ടിക്കുന്നതിനോടൊപ്പം ലോകത്തിന്റെയാകമാനം ശുഭജീവിതം ഉറപ്പാക്കാനും ഇതുവഴി കഴിയും.
Discussion about this post