ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം ഭൂമി മടക്കിക്കിട്ടുന്നതിനും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നു. കാശ്മീരി കുടിയേറ്റക്കാരുടെ ഭൂമിയും മറ്റ് സ്ഥാവര വസ്തുക്കളും സംബന്ധിച്ച പരാതികളുടെ പരിഹാരം ലക്ഷ്യമിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഓണ്‍ലൈന്‍ പോര്‍ട്ടലിന് തുടക്കം കുറിച്ചു.
പാക്ക് ഭീകരരുടെ അതിക്രമങ്ങളെ തുടര്‍ന്ന് താഴ്‌വരയിലെ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന പണ്ഡിറ്റുകളുടെ സ്വത്തുക്കള്‍ പിന്നീട് പലരും കൈവശപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ കൈവശപ്പെടുത്തിയ സ്വത്തുക്കള്‍ മടങ്ങിവരുന്ന പണ്ഡിറ്റുകള്‍ക്ക് വീണ്ടെടുക്കുന്നതിനായി അതത് ജില്ലാ മജിസ്‌ട്രേറ്റുമാരെ സമീപിക്കണമെന്ന് ആഗസ്റ്റ് 11 -ന്, ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഒരു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചായായാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്.
പരാതിക്കാരന്‍ ഈ പോര്‍ട്ടലുകളില്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, പ്രത്യേക ഐഡി അവര്‍ക്ക് ലഭിക്കും. അത് പരിഹാരത്തിനായി ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന് പോര്‍ട്ടല്‍ വഴി തന്നെ കൈമാറാനുമാവും.
1997ലെ ജമ്മു കശ്മീര്‍ കുടിയേറ്റ സ്ഥാവര സ്വത്ത് നിയമപ്രകാരം, കുടിയേറ്റക്കാരുടെ സ്ഥാവര വസ്തുക്കളുടെ സംരക്ഷണവും നിയന്ത്രണണവും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ജില്ലാഭരണകൂടത്തിനാണ്. ഈ നിയമപ്രകാരം, ജില്ലാ മജിസ്‌ട്രേറ്റിനെ കുടിയേറ്റക്കാരുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായി നിയമിച്ചിട്ടുണ്ട്. പോര്‍ട്ടല്‍ മടങ്ങിവരുന്നവരുടെ സ്ഥാവര സ്വത്തുമായി ബന്ധപ്പെട്ട ഏത് പരാതിയും ഫയല്‍ ചെയ്യാനാകും. അവര്‍ക്ക് അര്‍ഹമായ ദുരിതാശ്വാസം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നല്‍കുന്നതിനും പരാതി പരിഹരിക്കുന്നതിനും ആവശ്യമായ നടപടിക്കായി റവന്യൂ വകുപ്പുമായി ഇത് പങ്കിടും. അപേക്ഷകനെ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ട് ബന്ധപ്പെടുമെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു.
Discussion about this post