കോഴിക്കോട്: മാപ്പിളക്കലാപം ചരിത്രത്തിലെ കറുത്ത ഏടാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ‘1921 ഇനിയും ചിലത് പറയാനുണ്ട്’ എന്ന ഓണ്‍ലൈന്‍ പ്രഭാഷണസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ നടന്നത് ഏകപക്ഷീയമായ ഹിന്ദുഉന്മൂലനത്തിലൂടെ മാപ്പിളസ്ഥാന്‍ സ്ഥാപിക്കാനുള്ള അതിക്രമമായിരുന്നു. സാധാരണക്കാരും കര്‍ഷകരുമായ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെട്ടു. പതിനായിരക്കണക്കിനാളുകള്‍ പലായനത്തിന് നിര്‍ബന്ധിതരായി. ജീവിതത്തില്‍ ആരും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത കറുത്ത ഒരു ഏടായിരുന്നു അത്. ലോകചരിത്രത്തില്‍ ഇത്തരം ഏടുകള്‍ ധാരാളമുണ്ട്. അതെല്ലാം ചരിത്രത്തിന്റെ ഗതിവിഗതികളില്‍ സംഭവിച്ചുപോയ ദോഷങ്ങളാണ്, സജീവമായി നിലനിര്‍ത്തേണ്ടതല്ല. സ്‌നേഹവും സാഹോദര്യവും ഊട്ടിഉറപ്പിക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ അത് ചികഞ്ഞ് വലുതാക്കാറില്ല. പക്ഷേ ആ അതിക്രമത്തെ ഉദാത്തീകരിക്കാനും സ്വാതന്ത്ര്യസമരമാക്കാനും ചിലര്‍ നിരന്തരം പരിശ്രമിക്കുമ്പോഴാണ് ഇനിയും ചിലത് പറയാനുണ്ട് എന്ന് വരുന്നതെന്ന് സ്വാമി ചിദാനന്ദപുരി ഓര്‍മ്മിപ്പിച്ചു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിനുവേണ്ടി പരിശ്രമച്ച കെ.പി. കേശവമേനോനും മാധവന്‍നായരുമൊക്കെ എത്രമാത്രം വേദനയോടെയാണ് ദൗര്‍ഭാഗ്യകരമായ ആ സംഭവങ്ങളെ ആലേഖനം ചെയ്തതെന്ന് ഓര്‍ക്കണം. അപചരിത്രനിര്‍മ്മിതിക്ക് കലയുടെ മേഖലയെപ്പോലും കൂട്ടുപിടിക്കാന്‍ ചിലര്‍ പരിശ്രമിച്ചു. ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നന്‍ എന്ന ഭീരുവിനെ ധീരനാക്കി ചിത്രീകരിക്കാനുള്ള സിനിമയ്ക്കുള്ള നീക്കമുണ്ടായി. അത്തരം അപചിത്രീകരണത്തിനെതിരായ ധീരമായ ചുവടുവെയ്പാണ് അലിഅക്ബറിന്റെ 1921 പുഴ മുതല്‍ പുഴ വരെയെന്ന ചലച്ചിത്രമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയതയുടെ അടിവേരറുക്കുന്ന ആഗോള പാന്‍ ഇസ്ലാമിക് മൂവ്‌മെന്റാണ് ഖിലാഫത്ത് എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ഖിലാഫത്ത് തുടങ്ങിയതും തുടര്‍ന്നതും ഒടുങ്ങിയതും അങ്ങനെത്തന്നെയാണ്. ഗാന്ധിജി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് ചരിത്രകാരനായ ആര്‍.സി. മജുംദാര്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചരിത്രത്തെ അപനിര്‍മിക്കാനുള്ള നീക്കം ചെറുക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഖിലാഫത്ത് സ്വാതന്ത്ര്യസമരമാണെന്ന് തെളിയിക്കാന്‍ ഒരു രേഖയുമില്ലാതിരിക്കെയാണ് അതിനെ മഹത്വവല്‍ക്കരിക്കാന്‍ പരിശ്രമം നടക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. സിനിമയ്ക്ക് സിനിമയാണ് മറുപടി. യഥാര്‍ത്ഥ ചരിത്രം അവതരിപ്പിക്കാനുള്ള അലി അക്ബറിന്റെ സിനിമാസംരംഭം ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറുന്നത് അങ്ങനെയാണെന്ന് ടീച്ചര്‍ ചൂണ്ടിക്കാട്ടി. ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സംസാരിച്ചു.
Discussion about this post