കോഴിക്കോട്: ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്‍റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് തപസ്യ കലാസാഹിത്യവേദി. ജന്മനാട്ടില്‍ പോലും എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കാനാവുന്നില്ല എന്നത് മുഴുവന്‍ മലയാളികള്‍ക്കും അപമാനമാണെന്ന് ഇന്നലെ ചേര്‍ന്ന തപസ്യ പൊതുസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു.
ഓരോ ജനവിഭാഗത്തിന്റെയും സ്വത്വം തിരിച്ചറിയുന്നത് ആ പ്രദേശത്ത് നിലനിന്ന സാഹിത്യത്തെ അടിസ്ഥാനമാക്കിയാണ്. പലപ്പോഴും ചരിത്രം തന്നെ നിര്‍ണയിക്കപ്പെടുന്നത് പ്രതിഭാശാലികളായ എഴുത്തുകാരുടെ കൃതികളെ ആസ്പദമാക്കിയാണ്. മലയാള ഭാഷയെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ച മഹാപ്രതിഭയാണ് എഴുത്തച്ഛനെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
മറ്റ് രാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലുമുള്ളത് പോലെ സാംസ്‌കാരികനായകര്‍ക്ക് ഉചിതമായ സ്മാരകങ്ങള്‍ കേരളത്തിലില്ല. എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കാനാകാത്ത് ചില തീവ്രശക്തികളുടെ എതിര്‍പ്പ് കാരണമാണെന്ന് വാര്‍ത്തകളുണ്ട്. അത്തരമൊരു സാഹചര്യം കേരളത്തിനാകെ അപമാനമാണെന്ന് തപസ്യ പൊതുസഭ അഭിപ്രായപ്പെട്ടു.
തപസ്യ സംസ്ഥാന ഉപാധ്യക്ഷനും കവിയുമായ കല്ലറ അജയന്‍ പ്രമേയം അവതരിപ്പിച്ചു. യോഗം പ്രൊഫ. പി.ജി. ഹരിദാസിനെ അധ്യക്ഷനായും അനൂപ് കുന്നത്തിനെ ജനറല്‍ സെക്രട്ടറിയും പ്രഖ്യാപിച്ചു.
Discussion about this post