ലഖ്‌നൗ: ജനസംഖ്യാ നയം പരിഷ്‌കരിക്കണമെന്നും അതെല്ലാവര്‍ക്കും ബാധകമാക്കണമെന്നുമുള്ള ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം വിജയദശമി സന്ദേശത്തിലാണ് ജനസംഖ്യനിയന്ത്രണത്തിന്റെ ആവശ്യകത സര്‍സംഘചാലക് ചൂണ്ടിക്കാട്ടിയത്.
ഈ ആവശ്യം പുതിയതല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 1992ല്‍, പി.വി. നരസിംഹറാവു സര്‍ക്കാരില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായിരുന്ന എം.എല്‍. ഫൊത്തേദാര്‍ അവതരിപ്പിച്ച ഭരണഘടനയുടെ 79-ാം ഭേദഗതി ബില്ലില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പ്രതിനിധികളെ പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടത്തിയിരുന്നു. 1992 മുതല്‍ ഇന്നു വരെ 22 സ്വകാര്യ ബില്ലുകളാണ് ഈ വിഷയത്തില്‍ അവതരിപ്പിച്ചത്. 1992 ഏപ്രിലില്‍ പ്രതിഭാദേവി സിങ് പാട്ടീല്‍ ആണ് ആദ്യമായി ദേശീയ ജനസംഖ്യാ നയ ബില്‍ അവതരിപ്പിച്ചത്. പ്രതിഭാ പാട്ടീല്‍ പിന്നീട് രാഷ്ട്രപതിയായി.
പിന്നീട് ബിജെപി, കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍, എഐഎഡിഎംകെ, തെലുങ്കുദേശം പാര്‍ട്ടി, ബിജു ജനതാദള്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ ഈ വിഷയത്തില്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു.
2010ലും ലോകസഭയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നു. ഗുലാംനബി ആസാദ് ആയിരുന്നു അന്ന് കുടുംബ, ആരോഗ്യ ക്ഷേമ മന്ത്രി. ജനസംഖ്യാ നിയന്ത്രണത്തിന് അദ്ദേഹവും അംഗീകാരം നല്‍കി. നിയന്ത്രണം എങ്ങനെ വേണം എന്നതിനെക്കുറിച്ച് മാത്രമായിരുന്നു അന്ന് അംഗങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായത്.
1950 ല്‍ ഇന്ത്യയുടെ മൊത്തം പ്രത്യുത്പാദന നിരക്ക് 5.9 ശതമാനമായിരുന്നു, 1960 വരെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായിരുന്നില്ല, എന്നാല്‍ 1970ല്‍ 5.72 ആയി. 1990നും 2010നും ഇടയില്‍ നിരക്ക് അതിവേഗം കുറയാന്‍ തുടങ്ങി, 2020ല്‍ ഇത് 2.24 ശതമാനമാണ്. ജനന നിരക്കില്‍ രാജ്യം വലിയ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും അസന്തുലിതാവസ്ഥ പരിഗണിക്കേണ്ടതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ല മുസ്ലിം ഭൂരിപക്ഷമാണ്. 2019-20 വര്‍ഷത്തെ ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം, മുര്‍ഷിദാബാദില്‍ 18 വയസ്സിന് മുമ്പ് വിവാഹിതരായ പെണ്‍കുട്ടികളുടെ ശതമാനം 55.4 ആണ്, ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ്. ഇത് മാത്രമല്ല, 15-19 വയസ്സുള്ള പെണ്‍കുട്ടികളില്‍ 20.6 ശതമാനം പേര്‍ അമ്മമാരോ ഗര്‍ഭിണികളോ ആണ്.
മുസ്ലിം ജനസംഖ്യ 79.67 ആയ അസമിലെ ധുബ്രി ജില്ലയിലും കഥ സമാനമാണ്. 2019-20 വര്‍ഷത്തെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ അനുസരിച്ച്, 18 വയസ്സിന് മുമ്പ് വിവാഹിതരായ പെണ്‍കുട്ടികളുടെ ശതമാനം 50.8 ആണ്. കൂടാതെ, അമ്മമാരോ ഗര്‍ഭിണികളോ ആയ 15-19 വയസ്സുള്ള പെണ്‍കുട്ടികളുടെ ശതമാനം 22.4 ആണ്. ഇത് രാജ്യത്തെ രണ്ട് ജില്ലകളുടെ മാത്രം ദുരവസ്ഥയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Discussion about this post