വത്തിക്കാന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. ഇരുപത് മിനിറ്റായിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കോവിഡ് അടക്കം വിഷയങ്ങള്‍ ചര്‍ച്ചയായി.
”മാര്‍പാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ചയാണു നടന്നത്. അദ്ദേഹവുമായി വിവിധ വിഷയങ്ങളെ കുറിച്ചു ചര്‍ച്ച നടത്താന്‍ അവസരമുണ്ടായി. അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു” നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്ര പരോളിന്‍ ഉള്‍പ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി.
മാര്‍പാപ്പയുടെ സ്വകാര്യ ലൈബ്രറിയില്‍ വച്ചാണ് ഇരുവരും ചര്‍ച്ച നടത്തുന്നത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇതിനു മുന്‍പ് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരുന്നപ്പോളാണ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. 1999 നവംബറില്‍ എത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ഔദ്യോഗിക വരവേല്‍പ്പ് നല്‍കി. ഏഷ്യന്‍ രാജ്യങ്ങളെ ക്രൈസ്തവ വല്‍ക്കരിക്കുക ലക്ഷ്യം എന്നു പ്രഖ്യാപിച്ച ശേഷം ജോണ്‍ പോള്‍ വരുന്നതിനെ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശിച്ചിരുന്നു.മുന്‍കാലങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തിയതിന് മാര്‍പാപ്പ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതോടെ ഇന്ത്യാ സന്ദര്‍ശനം വിവാദമായി. എന്നാല്‍ ആത്മീയ നേതാവ്, രാഷ്ട്രത്തലവന്‍ എന്നീ നിലകളില്‍ മാര്‍പ്പാപ്പയ്ക്ക് വാജ്പേയിയുടെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കി.
അതിനു മുന്‍പ് 1986 ഫെബ്രുവരിയില്‍ 10 ദിവസത്തെ സന്ദര്‍ശനത്തിനായി ജോണ്‍പോള്‍ മാര്‍പ്പാപ്പ എത്തിയിരുന്നു. ദല്‍ഹി, കല്‍ക്കത്ത, ചെന്നൈ,കേരളം, ഗോവ, മുംബയ് എന്നിവിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തു.1964ല്‍ ഇന്റര്‍നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയ പോള്‍ നാലാമനാണ് ഇന്ത്യ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ.
മൂന്നു തവണയായി രണ്ട് മാര്‍പ്പാപ്പമാരാണ് ഇന്ത്യയിലെത്തിയതെങ്കില്‍ വത്തിക്കാനില്‍ എത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്‌റാള്‍, അടല്‍ ബിഹാരി വാജ്‌പേയി എന്നിവര്‍ മാര്‍പാപ്പമാരെ കണ്ടിരുന്നു.
മോദിക്ക് മുമ്പ് പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു(1955), ഇന്ദിരാഗാന്ധി(1986), ഐ കെ ഗുജ്‌റാള്‍(1997), അടല്‍ ബിഹാരി വാജ്‌പേയി(2000) എന്നിവര്‍ വത്തിക്കാനില്‍ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു.
1955 ജൂലൈയില്‍ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയെ നെഹ്‌റു സന്ദര്‍ശിച്ചപ്പോള്‍, ഗോവയെ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളുടെ പേരില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിഷേധം നേരിട്ടിരുന്നു. പ്രദേശത്തെ ക്രിസ്ത്യാനികളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പോര്‍ച്ചുഗീസുകാര്‍ അവകാശപ്പെട്ടതോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമൂഹം ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു.
ഗോവയുടെ സ്വാതന്ത്ര്യത്തിനായി ആരംഭിച്ച പ്രതിഷേധത്തിനിടെ പോര്‍ച്ചുഗീസുകാര്‍ 20 പേരെ കൊന്നതിനെത്തുടര്‍ന്ന് നെഹ്‌റു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മാര്‍പാപ്പയുമായുള്ള ചര്‍ച്ചയില്‍ ഗോവയില്‍ നടക്കുന്നത് ഒരു ‘രാഷ്ട്രീയ പ്രശ്നമാണ്’ ‘മതപരമല്ല’ എന്ന് നെഹ്‌റു വ്യക്തമാക്കി.
2005 ഏപ്രിലില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വിയോഗത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ എന്നത്തെ ഉപരാഷ്ട്രപതി അന്തരിച്ച ഭൈറോണ്‍ സിംഗ് ഷെഖാവത്ത് പങ്കെടുത്തു. മദര്‍ തെരേസയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വാരാജ് പങ്കെടുത്തു.
മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ 1997-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച് ു ഭഗവദ്ഗീത സമ്മാനിച്ചു. മാര്‍പ്പാപ്പ ജപമാല തിരിച്ചു നല്‍കി നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു.
നരേന്ദ്രമോദി മാര്‍പ്പാപ്പയെ കാണുന്നത് ആവേശത്തോടെയാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹം കാണുന്നത്. സര്‍ക്കാര്‍ ് ഔദ്യോഗികമായി സന്ദര്‍ശനം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, കേരള കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ”നമ്മുടെ രാജ്യവും വത്തിക്കാനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഊര്‍ജവും ഊഷ്മളതയും പകരും” എന്ന് പ്രസ്താവനയിറക്കി.
Discussion about this post