ന്യൂദല്‍ഹി: ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ദേഖോ അപ്നാ ദേശ് എന്ന പദ്ധതിയുടെ ഭാഗമായുള്ള ഐ.ആര്‍.സി.ടി.സിയുടെ ശ്രീ രാമായണ യാത്ര തീവണ്ടി സര്‍വീസ് ഞായറാഴ്ച ആരംഭിച്ചു.
ദല്‍ഹിയിലെ സഫ്ദര്‍ജങ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ശ്രീരാമന്‍റെ ജീവിതവുമായി ബന്ധമുള്ള എല്ലാ പ്രധാന സ്ഥലങ്ങളെയും കൂട്ടിയിണക്കിയുള്ള യാത്രയാണിത്. 17 ദിവസം കൊണ്ടാണ് ഈ യാത്ര പൂര്‍ത്തിയാവുന്നത്.
ശ്രീരാന്‍റെ ജന്മസ്ഥലമായ അയോധ്യയിലേക്കാണ് ആദ്യം പോവുക. സഞ്ചാരികള്‍ക്ക് ഇവിടെ രാമ ജന്മഭൂമി ക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം എന്നിവയും നന്ദിഗ്രാമിലെ ഭരത് മന്ദിറും സന്ദര്‍ശിക്കാം. അതിനു ശേഷം തീവണ്ടി ബിഹാറിലെ സീതാമര്‍ഹിയിലേക്കാണ് പോവുക. ഇവിടെ ജനക്പുരിലെ രാം ജാനകി ക്ഷേത്രവും സീതയുടെ ജന്മസ്ഥലവും കാണാം.
ശ്രീരാമന്‍റെയും സീതാദേവിയുടെയും ജന്മസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ട്രെയിന്‍ പോകുന്നത് ക്ഷേത്രങ്ങളുടെ നഗരമെന്നറിയപ്പെടുന്ന വാരണാസിയിലേക്കാണ്. ഇവിടെ സഞ്ചാരികള്‍ക്ക്, വാരാണസി, പ്രയാഗ്, ശ്രിംഗവര്‍പുര്‍, ചിത്രകൂട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം. ഈ സ്ഥലങ്ങളിലേക്ക് റോഡ് മാര്‍ഗമാണ് പോകേണ്ടത്. വാരാണസി, പ്രയാഗ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് രാത്രി തങ്ങേണ്ടത്.
വാരണാസിയില്‍ നിന്ന് ട്രെയിനിന്‍റെ അടുത്ത ലക്ഷ്യം നാസിക്കാണ്. ഇവിടെ ത്രയംബകേശ്വര്‍ ക്ഷേത്രവും പഞ്ചവടിയുമാണ് സന്ദര്‍ശിക്കാനാവുക. കര്‍ണാടകയിലെ പുരാതന കിഷ്‌കിന്ദ സ്ഥിതിചെയ്യുന്ന ഹംപിയാണ് അടുത്തതായി സഞ്ചാരികളെ കാത്തിരിക്കുന്നത്. രാമേശ്വരത്താണ് യാത്ര അവസാനിക്കുന്നത്. യാത്രയുടെ പതിനേഴാം ദിവസം തീവണ്ടി ദല്‍ഹിയിലേക്ക് മടങ്ങും.
ആകെ 7500 കിലോമീറ്ററാണ് യാത്രയുടെ ദൈര്‍ഘ്യം. എല്ലാ കോച്ചുകളിലും സുരക്ഷാ ക്യാമറകളും ഉദ്യോഗസ്ഥരുമുണ്ടാകും. ഭക്ഷണത്തിനായി, ഇരുന്ന് കഴിക്കാന്‍ സൗകര്യമുള്ള രണ്ട് ഭക്ഷണശാലകളും അടുക്കളയുമുണ്ട്. ഒപ്പം കുളിക്കാനുള്ള സൗകര്യവും ട്രെയിനിന്റെ ഉള്ളിലുണ്ട്.
ശ്രീ രാമായണ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. ഒരാള്‍ക്ക് സെക്കന്‍ഡ് എസിയില്‍ 82,950 രൂപയും ഫസ്റ്റ് എസിയില്‍ 1,02,095 രൂപയുമാണ് നിരക്ക്. തിരക്ക് പരിഗണിച്ച് ഈ വര്‍ഷം ഡിസംബറില്‍ നിരക്കില്‍ യാതൊരു മാറ്റവുമില്ലാതെ രാമായണ യാത്ര നടത്തുമെന്നും റെയില്‍വേ അറിയിച്ചു.
Discussion about this post