ഗുവാഹത്തി: ബ്രഹ്മപുത്രയിലും ജലത്തിനടിയില്‍ ടണല്‍ നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആസാമിലെ നാഗോണിനെയും സോണിത്പൂര്‍ ജില്ലയെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ടണല്‍ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. പ്രതിരോധ വകുപ്പിന്‍റെ തന്ത്രപ്രധാനപദ്ധതി ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍(ബിആര്‍ഒ) ആണ് നടപ്പാക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആസാം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മയും ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തു.
പതിനാല് കിലോമീറ്റര്‍ നാല് വരി ടണലാണ് വിഭാവനം ചെയ്യുന്നത്. കൂറ്റന്‍ സൈനികവാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ അരുണാചല്‍ അതിര്‍ത്തിയിലേക്ക് എത്താന്‍ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. നിര്‍ദിഷ്ട അണ്ടര്‍വാട്ടര്‍ ടണലിന്‍റെ ആദ്യ പ്രോജക്ട് റിപ്പോര്‍ട്ട് ബിആര്‍ഒ പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബൃഹത്തായ പദ്ധതിയുടെ മറ്റ് വശങ്ങള്‍ മന്ത്രിസഭാ തലത്തില്‍ ചര്‍ച്ച ചെയ്യും. നിര്‍ദിഷ്ട ടണലിന് ബ്രഹ്മപുത്ര നദിക്ക് താഴെയുള്ള റെയില്‍-റോഡ് പാസ് ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൂര്‍ത്തിയാകുന്ന മുറയ്ക്ക്, അണ്ടര്‍വാട്ടര്‍ റിവര്‍ ടണല്‍ ഇന്ത്യന്‍ സൈന്യത്തിന് വലിയ മുതല്‍ക്കൂട്ടാകും. അടിയന്തര ഘട്ടങ്ങളില്‍ ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള പാലങ്ങള്‍ ഉപയോഗിക്കാ കഴിയില്ലെങ്കിലും സൈന്യത്തിന് ചൈന അതിര്‍ത്തിയിലേക്ക് സുരക്ഷിതമായ പാത ഒരുക്കാന്‍ ടണലിന് കഴിയും. ആസാമില്‍ അഞ്ച് പുതിയ സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്ന് ഡോ. ഹിമന്തബിശ്വ ശര്‍മ്മ പറഞ്ഞു.ധേമാജി, ഗോലാഘട്ട്, കര്‍ബി ആംഗ്ലോങ്, കച്ചാര്‍, കൊക്രജാര്‍ ജില്ലകളിലാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിരിക്കുന്നത്.
കാസിരംഗ നാഷണല്‍ പാര്‍ക്കിലെ 35 കിലോമീറ്റര്‍ എലിവേറ്റഡ് കോറിഡോര്‍, ഗുവാഹത്തിയിലെ റിങ് റോഡ്, ബ്രഹ്മപുത്രയ്ക്ക് കുറുകെയുള്ള ഗുവാഹത്തി-കുരുവ പാലം എന്നിവയുടെ ഡിപിആര്‍ ഡോ. ശര്‍മ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് സമര്‍പ്പിച്ചു.
Discussion about this post