കുല്‍ഗാം: കശ്മീരിലെ സാധാരണജനങ്ങള്ക്കെതിരായ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ഷിറാസ് മോള്വിയെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡറാണ് ഇയാള്‍. കുല്‍ഗാം ജില്ലയിലെ ചവല്‍ഗാം മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ഷിറാസ് മോള്വി കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
ഇതോടെ കഴിഞ്ഞ രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം രണ്ടായി. നിരോധിത ഭീകരസംഘടനയായ മുജാഹിദ്ദീന്‍ ഗസ്വതുല് ഹിന്ദിന്റെ കമാന്‍ഡര്‍ ആമിര്‍ റിയാസാണ് കഴിഞ്ഞ രാത്രി കൊല്ലപ്പെട്ടത്. ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തു.
സൈനിക നടപടി ഇപ്പോഴും തുടരുകയാണ്. വ്യാഴാഴ്ച രാവിലെ മുതല്‍ ചവല്‍ഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിരുന്നു. 2016 മുതല്‍ പ്രദേശത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതില്‍ നേതൃത്വം കൊടുത്ത ഭീകരനാണ് ഷിറാസ്. നിരപരാധികളായ യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും കശ്മീരി പൗരന്മാരെ കൊലപ്പെടുത്തുന്നതിനും നേതൃത്വം നല്കിയ ഇയാളുടെ വധം സുരക്ഷാസേനയ്ക്ക് നേട്ടമാണെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു.
ലെത്പോര ഭീകരാക്രമണക്കേസിലെ പ്രതിയുടെ ബന്ധുവാണ് കഴിഞ്ഞ രാത്രി കൊല്ലപ്പെട്ട ആമിര്‍ റിയാസ്. ചാവേര്‍ ആക്രമണം നടത്താന്‍ നിയോഗിക്കപ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.
Discussion about this post