തിരുവനന്തപുരം: ലളിത കലാ അക്കാദമിയുടെ 2019-2020ലെ ഓണറബിൾ മെൻഷൻ പുരസ്‌കാരം നേടിയ വിവാദ കാർട്ടൂണിന് ഡിജി ആർട്‌സിന്‍റെ മറുപടി. അവാർഡ് വേണ്ടെങ്കിൽ സത്യസന്ധമായി വരയ്‌ക്കാമെന്ന ശീർഷകത്തോടെയാണ് ഡിജി ആർട്‌സ് മറുപടി ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഭൂഗോളത്തെ ചേർത്തുപിടിച്ച് വാക്‌സിൻ കൈകളിലേന്തി നിൽക്കുന്ന ഭാരതമാണ് ഡിജി ആർട്‌സിന്‍റെ പോസ്റ്റിലുള്ളത്. പശ്ചാത്തലത്തിൽ ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് എന്ന് എഴുതിയിരിക്കുന്നതും മുമ്പിൽ മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യവും പോസ്റ്റിൽ കാണാം. ‘ലോകം മുഴുവൻ പകച്ചുനിന്നപ്പോൾ എന്‍റെ ഭാരതം 95-ഓളം രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കുകയാണ് ചെയ്തതെന്നും പോസ്റ്റിനോടൊപ്പം ഡിജി ആർട്‌സ് കുറിച്ചിട്ടുണ്ട്.
പുരസ്‌കാരം നേടിയ വിവാദ കാർട്ടൂൺ കൊവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് എന്ന ശീർഷകത്തോടെയായിരുന്നു തയ്യാറാക്കിയിരുന്നത്. ഇംഗ്ലണ്ട്, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ മനുഷ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂണിൽ കാവി പുതച്ചിരിക്കുന്ന പശുവിന്‍റെ രൂപമാണ് ഇന്ത്യയ്‌ക്ക് നൽകിയിരുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ കൈവരിച്ച ചരിത്രനേട്ടത്തെപ്പോലും അപകീർത്തിപ്പെടുത്തുന്നതാണ് കാർട്ടൂണെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. ഈ കാർട്ടൂണിന് ലളിത കലാ അക്കാദമി പുരസ്‌കാരവും നൽകി. ഇതി ന്‍റെ പശ്ചാത്തലത്തിലാണ് ഡിജി ആർട്‌സി ന്‍റെ കലാവിരുതിൽ ലളിതാ കലാ അക്കാദമിക്ക് മറുപടി വന്നത്.
നേരത്തെ ഡിജി ആർട്‌സ് വരച്ച, അമ്മൂമ്മയും കുട്ടിയും നിൽക്കുന്ന ഒരു ഓൺലൈൻ ക്ലാസിന്‍റെ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അമ്മൂമ്മ ഓൺലൈൻ ക്ലാസിൽ നോക്കിയിരിക്കുമ്പോൾ പുറത്തെ കാഴ്‌ച്ചകൾ കണ്ടിരിക്കുന്ന കുട്ടിയാണ് ചിത്രത്തിലുള്ളത്. തല തിരിഞ്ഞിരിക്കുന്നത് ഞാനല്ല നിങ്ങളുടെ വിദ്യാഭ്യാസ രീതിയാണ് എന്ന തലക്കെട്ടോടെ വരച്ച ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Discussion about this post