കശ്മീര്‍: ഒരിയ്ക്കല്‍ കശ്മീരി പണ്ഡിറ്റുകള്‍ ജമ്മു കശ്മീരില്‍ ഉപേക്ഷിച്ചുപോയ ഭൂമി അവര്‍ക്ക് തിരികെ പിടിച്ചുനല്‍കാന്‍ ജമ്മു കശ്മീര്‍ ഭരണ കൂടം ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ തീവ്രവാദി ആക്രമണത്തിന് കാരണമെന്ന് സൂചന.
കശ്മീരി പണ്ഡിതരുടെ നേതാവായ സഞ്ജയ് ടിക്കൂ ഇത് സംബന്ധിച്ച ചില സൂചനകള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. 1990കളില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ഭയന്ന് കശ്മീര്‍ താഴ്വര വിട്ടോടിപ്പോയ ഒരു ലക്ഷത്തോളം കശ്മീരി ബ്രാഹ്മണരില്‍ (സിഐഎ കണക്ക് പ്രകാരം 3 ലക്ഷം കശ്മീരി ബ്രാഹ്മണര്‍ താഴ്വര വിട്ടോടിപ്പോയി) ഒട്ടേറെപ്പേര്‍ കശ്മീരില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. കണക്ക് പ്രകാരം 62000 കശ്മീര്‍ ബ്രാഹ്മണരായ അഭയാര്‍ത്ഥികള്‍ ഉണ്ട്. ഇതില്‍ 40000 പേര്‍ ജമ്മുവിലും 20000 പേര്‍ ദല്‍ഹിയിലും ബാക്ക് 2000 പേര്‍ മറ്റ് സംസ്ഥാനങ്ങളിലുമായി കഴിയുന്നു. ഇവരെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ ജമ്മു കശ്മീര്‍ ഭരണകൂടം.
അന്ന് ഇസ്ലാമിക തീവ്രവാദികളുടെ വെടിയുണ്ട ഭയന്ന് ഉണ്ടായിരുന്ന ഭൂമിയും വീടും ഉപേക്ഷിച്ചാണ് ഓടിപ്പോയത്. ചിലരെല്ലാം പരിചയക്കാരായ കശ്മീര്‍ മുസ്ലിങ്ങളുടെ കയ്യില്‍ ഭൂമി നോക്കാനേല്‍പ്പിച്ചിരുന്നു. മറ്റ് ഭൂമികളെല്ലാം ഇവിടുത്തെ പല മുസ്ലിം കുടുംബങ്ങളുടെയും കൈകളിലാണ്. ഇപ്പോള്‍ കശ്മീര്‍ ഭരണകൂടം ഈ ഭൂമികള്‍ തിരിച്ചുപിടിക്കുകയാണ്. ഇത് ഇപ്പോഴത്തെ ഉടമകളായ മുസ്ലിങ്ങള്‍ക്കിടയില്‍ വലിയ അസംതൃപ്തി ഉണ്ടാക്കിയിരിക്കുകയാണ്.
2021 സപ്തംബറില്‍ ജമ്മു കശ്മീരിലെ ലഫ്. ഗവര്‍ണറായിരുന്ന മനോജ് സിന്‍ഹ കശ്മീര്‍ വിട്ടോടിപ്പോയ ബ്രാഹ്മണര്‍ക്ക് അവരുടെ പഴയ ഭൂമി തിരിച്ചുനല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഒരു വെബ്സൈറ്റ് ആരംഭിച്ചു. ജമ്മു കശ്മീരിന് പുറത്ത് താമസിക്കുന്ന കശ്മീരി പണ്ഡിതരുടെ ഭൂമി സംബന്ധമായ പരാതികള്‍ സത്വരമായി പരിഹരിച്ചു നല്‍കുമെന്ന് മനോജ് സിന്‍ഹ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള അപേക്ഷകള്‍ കശ്മീരി പണ്ഡിതര്‍ വെബ്സൈറ്റ് വഴി നല്‍കണം. അന്ന് 3000 അപേക്ഷകളാണ് ലഭിച്ചത്. പരാതിപ്പെട്ട് 15 ദിവസത്തിനുള്ളില്‍ ഭൂമിപ്രശ്നം പരിഹരിച്ചുകൊടുക്കുമെന്നായിരുന്നു ജമ്മുകശ്മീര്‍ ഭരണകൂടത്തിന്‍റെ വാഗ്ദാനം. അതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രംപോലെ ഇക്കാര്യത്തില്‍ പ്രവര്‍ത്തിപ്പിക്കാനും ജമ്മുകശ്മീര്‍ ഭരണകൂടം തീരുമാനിച്ചു.
ഈയിടെ അനന്ത്നാഗിലെ വെസ്സുവില്‍ ഒരു കശ്മീര്‍ ബ്രഹ്മണകുടുംബത്തിന് ഭൂമി തിരിച്ചുപിടിച്ചു നല്‍കിയത് വലിയ ബഹളത്തിന് വഴിവെച്ചിരുന്നു. കശ്മീര്‍ അധികൃതര്‍ സാറ എന്ന മുസ്ലിം ഉടമസ്ഥയെ ഒരു ഭൂമിയില്‍ നിന്നും ഒഴിപ്പിച്ചു. നിസ്സാര്‍ അഹമ്മദ് റെഷിയുടെ ഭാര്യയാണ് സാറ. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാറയെ അനധികൃത ഭൂമിയില്‍ നിന്നും ഒഴിപ്പിച്ചത്. റവന്യൂ രേഖകളില്‍ പ്രഭാവതി റെയ്നയാണ് ഈ ഭൂമിയുടെ ഉടമസ്ഥ. അന്തരിച്ച ശംബുനാഥ് റെയ്നയുടെ ഭാര്യയാണ് പ്രഭാവതി റെയ്ന. 15 വര്‍ഷത്തോളം സാറ അനധികൃതമായി ഈ ഭൂമി കൈവശം വെച്ചിരിക്കുകയായിരുന്നു. ലോക്കല്‍ പൊലീസ് മജിസ്ട്രേറ്റും കൂടിയാണ് സപ്തംബറില്‍ ഭൂമി ഒഴിപ്പിച്ചത്. ഇതുപോലെയുള്ള ഒഴിപ്പിക്കലുകള്‍ നടക്കുന്നത് വലിയ അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
അതേ സമയം സുധീര്‍ പണ്ഡിതയ്ക്ക് അനുഭവിക്കേണ്ടി വന്നത് ഭീഷണിയാണ്. തന്‍റെ നഷ്ടപ്പെട്ട കൃഷിഭൂമി ചൂണ്ടിക്കാണിച്ചുകൊടുത്തെങ്കിലും ആ ഭൂമി ഇപ്പോള്‍ കൈവശം വെച്ചവര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇദ്ദേഹം വെബ്സൈറ്റില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ്.
രണ്ടോ മൂന്നോ ദശകത്തോളം കൈവശം വെച്ചനുഭവിച്ച ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നതില്‍ പലരും കുപിതരാണ്. മുസ്ലിം കയ്യേറ്റക്കാരില്‍ നിന്നും കശ്മീര്‍ ബ്രാഹ്മണരുടെ ഭൂമി തിരിച്ചുപിടിക്കുന്നതാണ് ഇപ്പോഴത്തെ കൊലകള്‍ക്ക് പിന്നിലെന്ന് സഞ്ജയ് ടിക്കൂ പറയുന്നു. “പലരും ഭൂമി മുസ്ലിങ്ങളായ അയല്‍ക്കാരുടെയോ പരിചയക്കാരുടെയോ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി എഴുതി നല്‍കിയാണ് പോയത്. അതേ സമയം റവന്യൂ രേഖകളില്‍ ഇവരുടെ പേര് കാണില്ല. അത്തരം ഭൂമിയുടമസ്ഥര്‍ ഇപ്പോള്‍ ഭൂമി നഷ്ടപ്പെടുമോ എന്ന് ഭയക്കുന്നുണ്ട്. ഇത് കശ്മീരിലെ ഭൂമാഫിയയെയും ഭയപ്പെടുത്തുന്നുണ്ട്. ശ്രീനഗറിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായുള്ളത്,”- സഞ്ജയ് ടിക്കൂ പറയുന്നു.
തീവ്രവാദികള്‍ കശ്മീരി ബ്രാഹ്മണരെ തെരഞ്ഞുപിടിച്ചാക്രമിക്കുന്നതിന് പിന്നില്‍ ഈ ഭൂമി പ്രശ്നമാണെന്ന് പറയപ്പെടുന്നു. “വീണ്ടും കശ്മീരി ബ്രാഹ്മണരെ കശ്മീര്‍ താഴ്വരകളില്‍ നിന്നും ഓടിക്കാനാണ് ശ്രമം. 1990കളുടെ തനിയാവര്‍ത്തനമാണ് 2021ല്‍ നടക്കുന്നത്.”- ടിക്കൂ പറയുന്നു. അതായത്, കശ്മീര്‍ വിട്ട് വീണ്ടും ബ്രാഹ്മണര്‍ ഓടിപ്പോയാല്‍ അവര്‍ക്ക് ഭൂമി തിരിച്ചുനല്‍കേണ്ടിവരില്ലെന്നാണ് ഇപ്പോള്‍ ഈ ഭൂമി കൈവശം വെച്ചവര്‍ കരുതുന്നത്.
കശ്മീര്‍ ബ്രാഹ്മണര്‍ക്കെതിരെ വലിയ പ്രചാരണമാണ് താഴ് വരയില്‍ നടക്കുന്നത്. “കശ്മീര്‍ ഭരണകൂടം ഹിന്ദു ക്ഷേത്രങ്ങളില്‍ വീണ്ടും ഉത്സവങ്ങള്‍ നടത്തിയെന്ന പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത് വെറും വ്യാജപ്രചരണമായിരുന്നു,” ടിക്കൂ പറയുന്നു. എന്തായാലും ഭൂമി പ്രശ്നം പുതിയൊരു അക്രമപരമ്പരയ്ക്ക് കശ്മീരില്‍ വഴിമരുന്നിട്ടിരിക്കുകയാണ്.
Discussion about this post