ന്യൂദല്‍ഹി : കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കള്ളപ്പണ ഇടപാടുകള്‍ ഉള്ളതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇവര്‍ക്ക് വിദേശ നിക്ഷേപങ്ങള്‍ ഉള്ളതായും ഇതിന്റെ രേഖകള്‍ പിടിച്ചെടുത്തതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
കഴിഞ്ഞാഴ്ച കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം. പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയതിന്റേയും ഇവര്‍ക്ക് വിദേശ നിക്ഷേപം ഉള്ളതിന്റേയും രേഖകളും ഡിജിറ്റല്‍ തെളിവും തെരച്ചിലില്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇഡി അറിയിച്ചു.
കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലര്‍ ഫ്രണ്ട് ഡിവിഷണല്‍ പ്രസിഡന്റ് ബി.പി. അബ്ദുള്‍ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം.കെ. അഷ്റഫ് എന്നിവരുടെ വീടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ബുധനാഴ്ച തെരച്ചില്‍ നടത്തിയത്. ഇതിനുപുറമേ മൂന്നാര്‍ മാങ്കുളത്തെ മൂന്നാര്‍ വില്ല വിസ്റ്റ പ്രൊജക്ടിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.
മൂന്നാര്‍ വില്ല വിസ്റ്റ പ്രോജക്ട് ഉള്‍പ്പെടെ കേരളത്തിലെ വിവിധ പദ്ധതികളിലൂടെ പോപ്പുലര്‍ ഫ്രണ്ട് കള്ളപ്പണ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് വിദേശത്ത് സ്വത്തുക്കള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. അബുദാബിയിലെ ബാറും റെസ്റ്റോറന്റും ഉള്‍പ്പെടെയുള്ള വസ്തുവകകളെക്കുറിച്ചാണ് ഇഡിക്ക് വിവരം ലഭിച്ചത്. ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
അതേസയം എന്‍ഫോഴ്‌സ്‌മെന്റിന്റെ തെരച്ചില്‍ പല സ്ഥലങ്ങളിലും തടസപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചിരുന്നു. പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ തടിച്ചു കൂടി മുദ്രാവാക്യം വിളിക്കുകയും തെരച്ചിലിന് തടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. റെയ്ഡ് തടസപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സി.ആര്‍.പി.എഫിന്റെ സാന്നിധ്യത്തില്‍ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നാണ് ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
Discussion about this post