കൊച്ചി: മാര്‍ക്‌സിസ്റ്റുകളുടെ ദളിത് വിരുദ്ധതയുടെയും കൊലവെറിയുടെയും പ്രകടമായ ഉദാഹരണമാണ് മാരിച്ഝാപിയിലെ കൂട്ടക്കൊലയെന്ന് ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അനിര്‍ബന്‍ ഗാംഗുലി. ഇത്രയും നിന്ദ്യമായ അരംകൊല നടത്തിയിട്ട് അവര്‍ അതിനെ മൂടിവച്ചു. നാല്‍പത്തിമൂന്നാണ്ടിനിപ്പുറം അത് രാജ്യം വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. സമത്വത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും മുദ്രാവാക്യം മുഴക്കുന്ന അതേ ആളുകളാണ് മരിച്ഝാപിയിലെ കൂട്ടക്കൊലയ്ക്ക് ചുക്കാന്‍ പിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ലബ്ഹൗസില്‍ വിശ്വസംവാദ കേന്ദ്രം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അനിര്‍ബന്‍ ഗാംഗുലി.
കൊല്ലപ്പെട്ടത് ദളിതരാണ്, ഹിന്ദുക്കളാണ്. ജ്യോതിബസു സര്‍ക്കാരിന്റെ പോലീസിനൊപ്പം നിന്ന് അക്രമിച്ചത് അതിര്‍ത്തികടന്നും അകത്തുനിന്നുമുള്ള മുസ്ലിം ഗുണ്ടകളാണ്. ഇവരാണ് കേരളത്തിലടക്കം ദളിത് മുസ്ലിം ഐക്യമെന്ന വായ്ത്താരി മുഴക്കുന്നതെന്നത് വിചിത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭജന കാലത്ത് ബംഗാള്‍ മുഴുവനും പാകിസ്ഥാനില്‍ പോകണമെന്ന് വാദിച്ചവരാണ് ജ്യോതിബസുവും കൂട്ടരും. ജിന്ന ഡയറക്ട് ആക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ഭാഗമായി മുസ്ലീം ലീഗ് ബംഗാളില്‍ ബന്ദ് നടത്തി. അന്ന് ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ജ്യോതിബസു കമ്മ്യൂണിസ്റ്റുകളോട് പറഞ്ഞത് ആവശ്യമുള്ളിടത്ത് ബന്ദിനെ പിന്തുണയ്ക്കണം, ആവശ്യമുള്ളിടത്ത് എതിര്‍ക്കണം എന്നതായിരുന്നു. സൂത്രശാലികളായ കാപട്യക്കാരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നതിന് വേറെന്ത് തെളിവാണ് വേണ്ടതെന്ന് അനിര്‍ബന്‍ ഗാംഗുലി ചോദിച്ചു.
മാരിച്ഝാപിയിലെ കൂട്ടക്കൊലയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ കമ്മ്യൂണിസ്റ്റുകള്‍ പരിഹാസത്തോടെയാണ് പ്രതികരിക്കുന്നത്. പോലീസ് പടിയില്‍ അഞ്ചോ എട്ടോ പേരാണ് മരിച്ചത്. അതും പ്രതിരോധത്തിന്റെ ഭാഗമായി തിരച്ചടിച്ചപ്പോള്‍ എന്നാണ് അവരുടെ ന്യായം. വാസ്തവത്തില്‍ എണ്ണായിരത്തിനും പതിനായിരത്തിനിടയിലും ദളിതരാണ് അവിടെ കൂട്ടക്കൊല ചെയ്യപ്പെട്ടത്. മൃതദേഹങ്ങള്‍ കിട്ടിയില്ല. കടുവകള്‍ വിഹരിക്കുന്ന സുന്ദര്‍ബന്‍ വനത്തിലും കൂറ്റന്‍ സ്രാവുകള്‍ നിറഞ്ഞ ഗോമതി നദിയിലും നഷ്ടമായതാണ് ആ ജിവനുകള്‍. ഈ ക്രൂരമായ നരവേട്ടയാണ് സോഷ്യലിസത്തിന്റെ മുദ്രാവാക്യത്തിന്‍ കീഴില്‍ ഇത്രകാലം അവര്‍ പൊതിഞ്ഞുപിടിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജനം ടിവി ദല്‍ഹി ലേഖകന്‍ ഗൗതം അനന്തനാരായണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Discussion about this post