ബെംഗളൂരു: യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ കേരളത്തില്‍ നിന്നും പിടികൂടി. ദക്ഷിണ കന്നഡയിലെ സവനൂര്‍ സ്വദേശി സക്കീര്‍(29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷെഫീഖ്(27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ കാസര്‍കോട്ടു നിന്നാണ് ഇരുവരെയും പിടികൂടിയത്.
ഇവരാണ് കൊലയാളി സംഘത്തിന് പ്രവീണിനെക്കുറിച്ച് വിവരങ്ങള്‍ കൈമാറിയത്. കൊലയാളികളെ ഉടന്‍ തന്നെ പിടികൂടുമെന്നും കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി സോനാവാനെ ഋഷികേശ് ഭഗവാന്‍ പറഞ്ഞു.
കേസില്‍ മലയാളികള്‍ അടക്കം 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ പിടിച്ചെടുത്ത കേരള രജിസ്ട്രേഷന്‍ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജ്ജിതമാണ്. അറസ്റ്റിലായ സക്കിര്‍ നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണ്. ഇരുവരെയും ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജസ്ഥാനിലെ ഉദയപ്പൂരില്‍ കനയ്യലാലിനെ ഭീകരര്‍ കൊലപ്പെടുത്തിയതിനെതിരെ പ്രവീണ്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പേരിലാണ് പ്രവീണിന്റെ കൊതപാതകമെന്നാണ് സൂചന. കനയ്യ ലാലിനെ കൊലപ്പെടുത്തിയ അതേ മാതൃകയില്‍ കഴുത്തറുത്താണ് പ്രവീണിനേയും കൊലപ്പെടുത്തിയിരിക്കുന്നത്. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്ത്അയച്ചിട്ടുണ്ട്.
പ്രവീണ്‍കുമാറിന്റെ കൊലയാളികളെ പിടികൂടുന്നതുവരെ വിശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരു, ഡിജി ഹള്ളി, ശിവമോഗ എന്നിവിടങ്ങളില്‍ നടന്ന സമാന കേസുകളില്‍ ചെയ്തതുപോലെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ബൊമ്മൈ പറഞ്ഞു. ഈ കേസുകളുടെ പിന്നിലെ സംഘടനകളെയും ശക്തികളെയും തകര്‍ക്കും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരമൊരു ആവശ്യം വന്നാല്‍ അത് അതിന് മടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ ബൊമ്മൈ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായിരുന്നുവെങ്കിലും പ്രവീണ്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടി ഉപേക്ഷിച്ചു
Discussion about this post