തൃശ്ശൂര്‍: കുടിലിന് മുന്നില്‍ മുളവടിയില്‍ ദേശീയപതാകയുയര്‍ത്തി ജനശ്രദ്ധ നേടിയ അമ്മിണിയമ്മക്ക് വീടായി. ഒന്നല്ല, രണ്ട് വീടുകള്‍. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു വീടിനു മുന്നില്‍ കൊടിയുയര്‍ത്തുന്ന ചേര്‍പ്പ് ചെറുചേനം വെള്ളുന്നപ്പറമ്പില്‍ അമ്മിണിയമ്മയുടെ വീഡിയോ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ കൊച്ചുമകള്‍ വിസ്മയ മൊബൈലില്‍ ചിത്രീകരിച്ച് ഫേയ്‌സ്ബുക്കിലിട്ടത്. വൈറലായ ആ വീഡിയോ കണ്ട് ഇവരുടെ ദയനീയത മനസിലാക്കിയ സംവിധായകന്‍ മേജര്‍ രവിയാണ് അമ്മിണിയമ്മയ്ക്കും മക്കള്‍ക്കുമായി രണ്ട് വീടുകള്‍ പണിതുനല്‍കിയത്. സുരേഷ് ഗോപി തെളിച്ച നിലവിളക്കിനു മുന്നില്‍ അമ്മിണിയമ്മയും ഭര്‍ത്താവ് രാമകൃഷ്ണനും മക്കളും ചേര്‍ന്ന് താക്കോലുകള്‍ ഏറ്റുവാങ്ങി.
അമ്മിണിയമ്മയുടെ കൊച്ചുമക്കള്‍ പഠിക്കുന്ന ചേര്‍പ്പ് സിഎന്‍എന്‍ ബിഎച്ച് സ്‌കൂളിലെ പ്രധാന അധ്യാപകനായ എ.ആര്‍. പ്രവീണ്‍കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ‘ഭവനപതാക’യുടെ ഭാഗമായാണ് കുടിലിനു മുന്നില്‍ പതാക ഉയര്‍ത്തിയത്. അമ്മിണിയമ്മയുടെ മക്കളായ വിജയനും ശശിക്കുമായി 700 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടുകളാണ് മേജര്‍ രവി നിര്‍മിച്ചു നല്‍കിയത്. മൂന്ന് കിടപ്പുമുറികള്‍, ബാത്ത്റൂം, അടുക്കള, ഹാള്‍ എന്നിവയടങ്ങുന്നതാണ് വീട്.
പുതിയ വീടുകളുടെ താക്കോല്‍ദാനം സുരേഷ് ഗോപി നിര്‍വഹിച്ചു. കൊച്ചുകുടിലിന്‍റെ മുറ്റത്ത് റിപ്പബ്ളിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്ന ദൃശ്യം സന്തോഷിപ്പിക്കുന്നതോടൊപ്പം ഏറെ കണ്ണ് നനയിപ്പിക്കുന്നതുമായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കെ. അനീഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, സിഎന്‍എന്‍ ബോയ്സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ എ.ആര്‍. പ്രവീണ്‍കുമാര്‍, പഞ്ചായത്തംഗം പ്രിയലത പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post