ശ്രീനഗര്‍: ജമ്മു കാശ്മീര്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ഭരണകൂടം. പുറത്തുള്ളവര്‍ക്ക് വോട്ട് അവകാശം നല്‍കുമെന്ന പ്രചാരണം ശരിയല്ലെന്നും നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് ഇത്തരം പ്രചരണങ്ങള്‍ക്കുപിന്നിലെന്നും ജമ്മുകശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ വിശദീകരിച്ചു.
കേന്ദ്രഭരണ പ്രദേശത്തെ നിലവിലുള്ള താമസക്കാരെ ഉള്‍പ്പെടുത്തിയാകും വോട്ടര്‍പട്ടികയുടെ പരിഷ്‌കരണം. ഒക്‌ടോബര്‍ ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികയുന്നവരുടെ എണ്ണമാണ് പുതിയ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുന്നത്. എട്ട് വര്‍ഷത്തിനിടെ നടക്കുന്ന മേഖലയിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. ഏകദേശം 2.5 ദശലക്ഷം വോട്ടര്‍മാര്‍ അധികമായുണ്ടായേക്കുമെന്ന് ബുധനാഴ്ച ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഹിര്‍ദേഷ് കുമാര്‍ സിംഗ് പറഞ്ഞതാണ് വിവാദമായത്. പിന്‍വാതിലിലൂടെ പുറത്തുനിന്ന് ഇത്രയും വോട്ടുകള്‍ തിരുകിക്കയറ്റാനാണ് നീക്കമെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. 2011ലെ പട്ടിക അനുസരിച്ച് വോട്ടര്‍മാരുടെ എണ്ണം 66,00,921 ആയിരുന്നു; ഇപ്പോളത് എണ്ണം 76,02,397 ആണ്.
Discussion about this post