സിങ്കപ്പൂർ: ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണമാരും കുഞ്ഞു രാധമാരും സിംഗപ്പൂരിലെ യിഷൂൺ ബാലസുബ്രമണ്യക്ഷേത്രത്തെ അക്ഷരാർത്ഥത്തിൽ അമ്പാടിക്കണ്ണന്‍റെ ഗോകുലമാക്കി മാറ്റുന്ന കാഴ്ച്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ടത്
കോവിഡിന്‍റെ ആലസ്യത്തിൽ നിന്നും ഉണർന്നുകൊണ്ട് ഇത്തവണ ശ്രീകൃഷ്‌ണ ജയന്തി,അക്ഷരാർത്ഥത്തിൽ ആഘോഷങ്ങളുടെ തുടക്കമായി. സിംഗപ്പൂരിലെ ഇന്ത്യക്കാരുടെ ഇടയിൽ പ്രത്യേകിച്ച് കേരളീയസമൂഹത്തിൽ ശ്രീകൃഷ്ണ ജയന്തി വളരെ പ്രധാനമാണ്. സിംഗപ്പൂർ വിവേകാനന്ദ സേവാ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ ശ്രീകൃഷ്ണ ജയന്തി ആചരണം.
അമ്പാടിക്കണ്ണന്മാരായും രാധമാരായും മാറിയ കുഞ്ഞു മക്കൾ ക്ഷേത്രാങ്കണത്തിൽ നിറഞ്ഞു നിന്നു. ഭജനയും കീർത്തനങ്ങളും ആലപിച്ചുകൊണ്ട് ചെറുപ്രദക്ഷിണമായി അവർ ക്ഷേത്രം വലം വച്ചു.
ആദിശങ്കര പരിവാറിന്‍റെ ആഭിമുഖ്യത്തിൽ രക്ഷബന്ധനവും ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു നടന്നു.
സിംഗപ്പൂരിന്‍റെ വിവിധ ഭാഗങ്ങളിലായി എല്ലാ ആഴ്ചകളിലും യോഗാക്ളാസുകളും കുട്ടികൾക്കുള്ള വിവിധ കായികവിനോദങ്ങളും സംഘടിപ്പിക്കുന്ന വി എസ്സ് എസ്സ് കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചു വരുന്നു. ക്ഷേത്രാങ്കണത്തിൽ നടന്ന പ്രസാദവിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു.
Discussion about this post