ന്യൂഡൽഹി: 1992ൽ അയോധ്യയിൽ തർക്കമന്ദിരം തകർന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഉത്തർപ്രദേശ് സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരായ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അയോധ്യയിലെ രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട് 2019ലെ സുപ്രീം കോടതി വിധി കണക്കിലെടുത്താണ് നീക്കം. അന്തിമവിധി വന്ന പുറപ്പെടുവിച്ച സാഹചര്യത്തിൽ കോടതി അലക്ഷ്യ കേസുകൾ നിലനിൽക്കില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
30 വർഷം മുൻപ് ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിന്മേലുള്ള നടപടിയാണ് ഇപ്പോൾ അവസാനിപ്പിച്ചത്. തർക്കമന്ദിരം പരിപാലിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ യുപി സർക്കാരും അവിടുത്തെ ഉദ്യോഗസ്ഥരും പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് മുഹമ്മദ് അസ്ലം എന്നയാൾ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. 2010ൽ അസ്ലം മരിച്ചു.
അസ്ലമിന് പകരമായി അമികസ് ക്യൂറിയെ നിയമിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടുവെങ്കിലും കോടതി ഈ ആവശ്യം പരിഗണിച്ചില്ല. തർക്കഭൂമി കേസിൽ കോടതി വിധി വന്നതിനാൽ ഹർജി അപ്രസക്തമായെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Discussion about this post