ഗുവാഹത്തി: നിതീഷ്‌കുമാറിന്റെ ബീഹാറിലെ അവസരവാദ രാഷ്ട്രീയത്തിന് മണിപ്പൂരില്‍ തിരിച്ചടി. ജനതാദളിന്റെ(യുണൈറ്റഡ്) ഏഴ് എംഎല്‍എമാരില്‍ അഞ്ച് പേരും ബി.ജെ.പിയില്‍ ചേര്‍ന്നു. കെ. ജോയ്കിഷന്‍, എന്‍. സനേറ്റ്, എം.ഡി. അച്ചാബ് ഉദ്ദീന്‍, മുന്‍ ഡിജിപി എല്‍.എം. ഖൗട്ടെ, തങ്ജം അരുണ്‍കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍.
ബീഹാറിലെ എന്‍ഡിഎ ബന്ധം വിട്ടതിന് പിന്നാലെ മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ്‌കുമാര്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച 38 സീറ്റുകളില്‍ ഏഴിടത്താണ് ജെഡിയു വിജയിച്ചിരുന്നത്.
അഞ്ച് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ലയിച്ച നടപടി നിയമസഭാ സ്പീക്കര്‍ അംഗീകരിച്ചതായി മണിപ്പൂര്‍ നിയമസഭാ സെക്രട്ടറി കെ.മേഘജിത് സിങ് ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. പക്ഷം മാറിയ എംഎല്‍എമാരുടെ എണ്ണം ആകെയുള്ളതിന്റെ മൂന്നില്‍ രണ്ട് ഭാഗത്തില്‍ കൂടുതലായതിനാല്‍, അവരുടെ മാറ്റം സാധുവായി കണക്കാക്കും.
ഇത് രണ്ടാം തവണയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജെഡിയു അംഗങ്ങള്‍ ബിജെപിയില്‍ ചേരുന്നത്. 2020ല്‍ അരുണാചല്‍ പ്രദേശിലെ ഏഴ് ജെഡിയു നിയമസഭാംഗങ്ങളില്‍ ആറ് പേരും ബിജെപിയില്‍ ചേര്‍ന്നിരുന്നു, കഴിഞ്ഞയാഴ്ച ഏക എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു.
Discussion about this post