ഗാന്ധിനഗര്‍: ദേശീയ ഗെയിംസ് വനിതാ ടീം ടെന്നീസില്‍ തെലങ്കാനയ്‌ക്കെതിരെ ഗുജറാത്തിന് വിജയത്തുടക്കം. ലോണ്‍ ബോള്‍സില്‍ പശ്ചിമ ബംഗാള്‍ ആസാമിനെതിരെ 12-11 ന് തോല്‍പിച്ചു.
മുപ്പത്താറാമത് ദേശീയ ഗെയിംസില്‍ ആദ്യമുണര്‍ന്നത് ടെന്നിസ് കോര്‍ട്ടാണ്. സബര്‍മതി റിവര്‍ ഫ്രണ്ട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ തെലങ്കാനയ്ക്കെതിരെ 2-0ന് ജയിച്ച ആതിഥേയ വനിതകള്‍ ഇനി ഫൈനലില്‍ കര്‍ണാടകയെ നേരിടും. ഉത്തര്‍പ്രദേശിനെ 2-0ന് മറികടന്നാണ് കര്‍ണാടക ഫൈനലിലെത്തിയത്.
അതേസമയം കെന്‍സ്വില്ലെ ഗോള്‍ഫ് ആന്‍ഡ് കണ്‍ട്രി ക്ലബ്ബില്‍, പശ്ചിമ ബംഗാള്‍ ലോണ്‍ ബൗള്‍സ് ടീം കടുത്ത പോരാട്ടത്തില്‍ ആസാമിനെ മറികടന്ന് സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.
ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത താനിയ ചൗധരിയുടെ നേതൃത്വത്തില്‍ ബംഗിത ഹസാരിക, അദിനിത കക്കോട്ടി, അനന്യ സൈകിയ എന്നിവരടങ്ങുന്ന ആസാം 1-5ന് തുടക്കത്തില്‍ പിന്നിലായിരുന്നുവെങ്കിലും 7-7 എന്ന നിലയിലേക്ക് മത്സരത്തിലേക്ക് തിരികെയെത്തി. രേണു മോഹ്ഫ, മനീഷ ശ്രീവാസ്തവ, റീമ പാവ, ആങ്കര്‍ മല്‍ഹോത്ര എന്നിവരെ കളത്തിലിറക്കിയ ബംഗാള്‍ പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.
മറ്റ് ലോണ്‍ ബൗള്‍സ് മത്സരങ്ങളില്‍ ആതിഥേയരായ ഗുജറാത്ത് മണിപ്പൂരിനെതിരെ 12-10 ന് ജയിച്ചു. കരുത്തരായ ഝാര്‍ഖണ്ഡ് ഒഡീഷയെ 33-3ന് തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ദല്‍ഹി 20-9 എന്ന സ്‌കോറിന് ബീഹാറിനെ പരാജയപ്പെടുത്തി.
ഷൂട്ടിംഗ് റേഞ്ചില്‍, 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ മത്സരത്തില്‍ 2012 ഒളിമ്പിക് ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് ഹിമാചല്‍ പ്രദേശിന്‍റെ വിജയ് കുമാര്‍ ഉത്തരാഖണ്ഡ് താരം അങ്കുര്‍ ഗോയലിന് പിന്നിലായി രണ്ടാം സ്ഥാനത്താണ്.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ മത്സരത്തില്‍ 632.2 പോയിന്റുമായി തമിഴകത്തിന്‍റെ കാര്‍ത്തിക് ശബരി രാജ് ഒന്നാമതെത്തി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ മത്സരത്തില്‍ കര്‍ണാടകയുടെ തിലോത്തമ സെന്‍ ആണ് 633.6 പോയിന്റുമായി ഒന്നാമത്. ഒഡീഷയുടെ ശ്രിയങ്ക സദാംഗി, കര്‍ണാടകയുടെ യുക്തി രാജേന്ദ്ര(629.3) എന്നിവരാണ് പിന്നില്‍.
റഗ്ബി സെവന്‍സ് വനിതാ മത്സരത്തില്‍ ദല്‍ഹി പശ്ചിമ ബംഗാളിനെ 36-0 ന് തകര്‍ത്തു. ഇനി ഇവര്‍ സെമിയില്‍ മഹാരാഷ്ട്രയെ നേരിടും. പുരുഷ ഇനത്തില്‍ പശ്ചിമ ബംഗാള്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ 24-12 ന് സര്‍വീസസിനെ പരാജയപ്പെടുത്തി.
Discussion about this post