ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം തന്നെ വിവിധ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. എങ്കിലും രാജ്യവ്യാപകമായി ഇപ്പോള്‍ 5ജി ലഭിക്കില്ല. പകരം തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമെ 5ജി കണക്റ്റിവിറ്റി ലഭിക്കുള്ളൂ.
13 നഗരങ്ങളിലാണ് 5ജി ആദ്യം ലഭിക്കുക. അഹമ്മദാബാദ്, ബെംഗളുരു, ചണ്ഡിഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുണെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി എത്തുക. അടുത്ത വര്‍ഷം കേരളത്തിൽ 5ജി എത്തിയേക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വരുന്ന മാസങ്ങളില്‍ തന്നെ ഇന്ത്യയില്‍ മറ്റ് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമെല്ലാം 5ജി എത്തിച്ചേരും. 2023 അവസാനത്തോടെ രാജ്യവ്യാപകമായി 5ജി എത്തിക്കുമെന്നാണ് റിലയന്‍സ് ജിയോയുടെ പ്രഖ്യാപനം. അതിവേഗ കണക്റ്റിവിറ്റിയോടൊപ്പം നൂതന ശാസ്ത്ര സാങ്കേതിക വിവര വിനിമയ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന പുതിയ തലമുറ വിവരവിനിമയ സാങ്കേതിക വിദ്യയാണ് 5ജി. ഇന്ത്യയില്‍ എയര്‍ടെല്‍, ജിയോ, വി എന്നീ കമ്പനികളാണ് മൊബൈല്‍ സേവന ദാതാക്കള്‍ക്കായി 5ജി എത്തിക്കുക. നിരക്കുകള്‍ കമ്പനികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.











