ന്യൂദല്‍ഹി: ഇറാനിലെ സ്ത്രീകള്‍ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ത്യയില്‍ വീണ്ടും ഒറ്റയാള്‍ പ്രതിഷേധം. നോയിഡ സ്വദേശിയായ ഡോ. അനുപമ ഭരദ്വാജാണ് പരസ്യമായി മുടി മുറിച്ച് ഇറാനിലെ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
മുടി പൂര്‍ണമായും മറയ്ക്കാത്തതിന്‍റെ പേരില്‍ ഇറാനിയല്‍ പോലീസ് കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ നിന്ന് ആളിക്കത്തിയ പ്രക്ഷോഭം ലോകമാകെ പടര്‍ന്നിട്ടും ഇന്ത്യയിലെ പ്രഖ്യാപിത ബുദ്ധിജീവിലോകം മൗനത്തിലാണ്. ഇറാനിയന്‍ നടി മന്ദാന കരിമി കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവില്‍ മഹ്‌സയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡുമായി ഒറ്റയ്ക്ക് പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയിലെ മുസ്ലീം വനിതകള്‍ എന്തിനാണ് ഭയക്കുന്നതെന്ന ചോദ്യവുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റീനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇറാനിയന്‍ വനിതകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
തുടര്‍ന്നാണ് നോയിഡയില്‍ നിന്നുള്ള അനുപമയുടെ പ്രതിഷേധം വാര്‍ത്തയാകുന്നത്. താന്‍ സമരത്തോടൊപ്പം അണിനിരക്കുകയാണെന്നും മുഴുവന്‍ സ്ത്രീസമൂഹവും ഇറാനിയന്‍ വനികതകള്‍ക്കൊപ്പം നില്‍ക്കണമെന്നും അനുപമ അഭ്യര്‍ത്ഥിച്ചു.
നേരത്തെ തുര്‍ക്കി ഗായിക മെലെക് മോസ്സോ വേദിയില്‍ പാടുന്നതിനിടെ മുടി മുറിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഹോളിവുഡ് താരം ആഞ്ജലീന ജോളിയും നിരവധി ഫ്രഞ്ച് താരങ്ങളും പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തുണ്ട്.
അതേസമയം ഇറാനില്‍ ഹിജാബിനെതിരായ സമരത്തില്‍ ഹിജാബ് ധരിച്ചുകൊണ്ട് നൂറുകണക്കിന് സ്ത്രീകള്‍ അണിനിരക്കുന്നത് ഇറാനിയന്‍ ഭരണകൂടത്തിന് കൂടുതല്‍ തലവേദനയായി. ‘ഞങ്ങള്‍ ഹിജാബി വനിതകള്‍ നിര്‍ബന്ധിത ഹിജാബിനും ഭരണകൂടഭീകരതയ്ക്കും എതിരാണെന്ന’ മുദ്രാവാക്യമുയര്‍ത്തിയാണ് അവര്‍ സമരത്തിന്‍റെ ഭാഗമാകുന്നത്. ടെഹ്‌റാന്‍, ശരീഫ് ടെക്‌നോളജി സര്‍വകലാശാലകളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ സായുധസേന നേരിട്ടത് ലോകമെമ്പാടും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Discussion about this post