ജസ്പൂര്‍(ഛത്തിസ്ഗഢ്): ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ബിര്‍സാമുണ്ടയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബിര്‍സാമുണ്ടയുടെ ജയന്തി ജനജാതി ഗൗരവ് ദിവസമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായ് ജസ്പൂരില്‍ സംഘടിപ്പിച്ച വനവാസി സംഗമത്തില്‍ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.
വനവാസി ജീവിതം അഭിമാനകാരമായ ഭാരതീയ പാരമ്പര്യമാണെന്ന് സര്‍സംഘചാലക് പറഞ്ഞു. ജനജാതി ഗൗരവം എന്നത് സ്വധര്‍മ്മത്തോടും സ്വദേശത്തോടുമുള്ള പ്രതിബദ്ധതയാണെന്ന് തെളിയിക്കുകയായിരുന്നു വീര ബിര്‍സ. മഹാരാഷ്ട്രയിലെ വനവാസി പ്രദേശമായ ചന്ദ്രപൂരില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ജസ്പൂരിലെ ഈ ഒത്തുചേരല്‍ വീട്ടിലേക്ക് എത്തിയ അനുഭൂതിയാണ് നല്‍കുന്നത്.
ഇത് ഈ നാടിന്‍റെ ധര്‍മ്മമാണ്. പരിഷ്‌കാരത്തിന്‍റെയും പുരോഗമനത്തിന്‍റെയും വഴികളില്‍ മുന്നേറുമ്പോഴും നമുക്ക് നമ്മുടെ ശ്രേഷ്ഠമായ പാരമ്പര്യത്തെയും ധര്‍മ്മത്തെയും മുറുകെപ്പിടിക്കേണ്ടതുണ്ട്. നമ്മളായി നിന്നു തന്നെ ലോകത്തിന്‍റെ നെറുകയിലേക്ക് നമുക്ക് എത്തിച്ചേരാനാകും. മതപരിവര്‍ത്തനത്തിന്‍റെ ഭീഷണികള്‍ക്കെതിരെയാണ് ബിര്‍സാമുണ്ട പൊരുതിയത്. ബ്രിട്ടീഷുകാരായ മിഷണറിമാര്‍ അധിനിവേശത്തിന് കരുത്ത് പകരാനാണ് അത് ചെയ്തതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
വനവാസി ജീവിതമാണ് ഭാരതത്തിന് രാമായണ പാരമ്പര്യം നല്കിയത്. പക്ഷിമൃഗാദികളിലും വൃക്ഷലതാദികളിലും നദികളിലും മലകളിലും ഈശ്വരനുണ്ടെന്ന പവിത്രമായ പരിസ്ഥിതി പാരമ്പര്യം പകര്‍ന്നതും വനവാസി ജീവിതമാണ്. ചിറക് വീശി പറന്ന് സൂര്യനിലേക്ക് എത്തിയ സമ്പാതി, ജടായുമാരെയും വിശപ്പ് മാറ്റാന്‍ സൂര്യബിംബവും ഭക്ഷിക്കാമെന്ന് കരുതിയ ഹനുമാനെയുമൊക്കെ അവതരിപ്പിച്ചത് ആ ധീരമായ പാരമ്പര്യമാണ്. ആ ദാര്‍ശനിക വിചാരം ഭാരതത്തിന്‍റെ സ്വത്താണ്. അഭിമാനമാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എല്ലാ ഭീഷണികളെയും അതിജീവിച്ച് ഒരു ജനതയെന്ന നിലയില്‍ മുന്നേറാന്‍ കഴിയണമെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. നമുക്ക് നമ്മുടെ അഭിമാനമുണ്ട്, ധര്‍മ്മമുണ്ട്, വീരബിര്‍സയുടെ ധീരമായ ആദര്‍ശമുണ്ട്, ആ വഴിയിലൂടെ രാഷ്ട്രത്തിന്‍റെ കരുത്താകാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post