ന്യൂദല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗൗരവമേറിയ വിഷയമാണ്. അത് ജനത്തിന്‍റെ മത സ്വാതന്ത്ര്യത്തെയും രാജ്യത്തിന്‍റെ സുരക്ഷയെയും ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പ്രത്യേക താത്പര്യത്തോടെയും വഞ്ചനാപരവുമായ മതപരിവര്‍ത്തനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എം.ആര്‍. ഷായും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
ഇത് വളരെ അപകടകരമായ കാര്യമാണ്. എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം അതിന്‍റെ ഭാഗമല്ല. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുമെന്ന നിലപാട് വ്യക്തമാക്കണം. മതപരിവര്‍ത്തനം അനുവദനീയമാണ്, എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടന വിരുദ്ധമാണെന്നും ജസ്റ്റിസ് ഷാ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി പാവപ്പെട്ടവര്‍ക്ക് അരിയോ ഗോതമ്പോ മറ്റ് സാധനങ്ങളോ നല്‍കുന്നു. ആദിവാസി മേഖലകളില്‍ മതപരിവര്‍ത്തനം വ്യാപകമാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഭാഗം വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
വഞ്ചനാപരമായ മതപരിവര്‍ത്തനം രാജ്യത്തുടനീളം വ്യാപകമാണെന്നും ഈ ആചാരം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ‘വഞ്ചനാപരമായ മതപരിവര്‍ത്തനം’ നിയന്ത്രിക്കുന്നതിന് ഒരു റിപ്പോര്‍ട്ടും ബില്ലും തയ്യാറാക്കാന്‍ ഇന്ത്യന്‍ ലോ കമ്മീഷനോട് നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടു.
ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചുമത്തിയും സമ്മാനങ്ങള്‍ വഴിയും സാമ്പത്തിക ആനുകൂല്യങ്ങള്‍ വഴിയും വഞ്ചനാപരമായ മതപരിവര്‍ത്തനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21, 25 എന്നിവയ്ക്ക് വിരുദ്ധമാണെന്ന പ്രഖ്യാപനം സുപ്രീം കോടതിയില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്തു. മതപരിവര്‍ത്തനം ഇല്ലാത്ത ഒരു ജില്ല പോലും ഇല്ലെന്നും അതിനായി രാജ്യവ്യാപകമായി നിയമം കൊണ്ടുവരാന്‍ കേന്ദ്രം ബാധ്യസ്ഥമാണെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഉപാധ്യായ സമര്‍പ്പിച്ച സമാന ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.
Discussion about this post