ന്യൂദല്‍ഹി : ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ തക്കതായ മറുപടി നല്‍കിയിട്ടുണ്ട്. ഭീകരവാദത്തിന് മാപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ മൂന്നാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഭീകരവാദത്തിന്‍റെ വേര് അറക്കുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു.
ഭീകരപ്രവര്‍ത്തനങ്ങളില്‍ നിരവധി ജീവനുകളാണ് ഇരയായത്. അതിനാല്‍ ഭീകരവാദം വേരോടെ പിഴുതെറിയുന്നതുവരെ ഇന്ത്യയ്ക്ക് വിശ്രമമില്ല. ഇന്ത്യ ഭീകരവാദ ഫണ്ടിങ്ങിനെ ശക്തമായി ചെറുത്തിട്ടുണ്ട്. ഒരു രൂപ പോലും ഭീകരവാദത്തിനായി ചെലവഴിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദം പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നുണ്ട്.
ആസൂത്രിത ശക്തികളാണ് ഭീകരവാദ ഫണ്ടിങിന് പിന്നിലുള്ളത്. നൂതന സാങ്കേതിക വിദ്യകള്‍ പോലും ഭീകരവാദ ഫണ്ടിങിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അപ്പോള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും തീവ്രവാദത്തെ ചെറുക്കാനുള്ള ഇടപെടല്‍ നടത്തും.
ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ശക്തമായി തന്നെ നേരിടും. ഓരോ ഭീകരവാദ പ്രവര്‍ത്തനങ്ങളും എവിടെ നടക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ അവയെ വേര്‍തിരിച്ച് പരിഗണിക്കുന്നത് ശരിയല്ല. ഏതൊരു ഭീകരാക്രമണമായാലും അത് എവിടെ നടന്നതാണെങ്കിലും അപലപിക്കപ്പെടേണ്ടതാണ്. കര്‍ശനമായ നടപടി അര്‍ഹിക്കുന്നതാണ്. ലോകരാജ്യങ്ങള്‍ തീവ്രവാദത്തെ ഗുരുതര പ്രശ്നമായി പരിഗണിക്കാന്‍ ആരംഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഭീകരതയുടെ ഏറ്റവും മോശമായ മുഖം അഭിമുഖീകരിക്കേണ്ടി വന്നവരാണ് ഇന്ത്യക്കാര്‍.
ഭീകരവാദത്തിലൂടെ ഭാരതത്തിന് ആയിരക്കണക്കിന് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. എന്നാല്‍ നമ്മള്‍ ഭീകരതയ്ക്കെതിരെ ധൈര്യസമേതം പോരാടി. ഓരോ ചെറിയ ആക്രമണങ്ങളെ പോലും വലിയ പ്രധാന്യത്തോടെയാണ് രാജ്യം കണ്ടത്. തീവ്രവാദത്തിന്റെ പരിണിതഫലം സമ്പദ് വ്യവസ്ഥയെ പോലും ബാധിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തില്‍ 78 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.
Discussion about this post